പൊന്നാനിയിൽ പുതിയ കോടതി സമുച്ചയം; 70 സെന്റ് ഭൂമിക്ക് സർക്കാർ അനുമതി
പൊന്നാനി: പൊന്നാനിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കോടതി സമുച്ചയം നിർമിക്കുന്നതിന് വഴിയൊരുങ്ങി. കോടതി സമുച്ചയത്തിനായി പൊന്നാനി നഗരത്തിൽ ഉൾപ്പെടുന്ന 70 സെന്റ് സർക്കാർ ഭൂമി ജുഡീഷ്യൽ വകുപ്പിന് ഉപയോഗിക്കുന്നതിന് റവന്യൂ വകുപ്പ് അനുമതി നൽകി ഉത്തരവിറക്കി.പൊന്നാനി എം.എൽ.എ കെ.പി. നൗഷാദലി നടത്തിയ നിരന്തര ഇടപെടലുകളുടെയും ശ്രമങ്ങളുടെയും തുടർച്ചയായാണ് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൈവന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിക്കൊണ്ടാണ് ജുഡീഷ്യൽ വകുപ്പിന് ഉപയോഗാനുമതി നൽകിയിരിക്കുന്നത്.പൊന്നാനി നഗരം അംശം ദേശത്തെ റീ-സർവേ നമ്പർ 15/1-ൽ ഉൾപ്പെട്ട സർക്കാർ പുറമ്പോക്ക് ഭൂമിയിൽനിന്നാണ് കോടതി സമുച്ചയത്തിനായി 70 സെന്റ് അനുവദിച്ചത്. പുതിയ കോടതി കെട്ടിടത്തിന് സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേരി ജില്ലാ ജഡ്ജി നേരത്തെ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. തുടർന്ന് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് മലപ്പുറം ജില്ലാ കളക്ടറും ലാൻഡ് റവന്യൂ കമ്മീഷണറും നടത്തിയ പരിശോധനകൾക്കും ശുപാർശകൾക്കും ശേഷമാണ് റവന്യൂ വകുപ്പിന്റെ അനുമതി ലഭിച്ചത്.1925-ൽ നിർമിച്ച പഴയ കെട്ടിടങ്ങളിലാണ് നിലവിൽ കോടതിയുടെ ചില ഭാഗങ്ങൾ പ്രവർത്തിക്കുന്നത്. കെട്ടിടങ്ങളുടെ കാലപ്പഴക്കവും സ്ഥലസൗകര്യങ്ങളുടെ അപര്യാപ്തതയും പരിഹരിക്കുന്നതിനായാണ് പുതിയ കോടതി സമുച്ചയം നിർമിക്കുന്നത്. അനുവദിച്ച 70 സെന്റ് ഭൂമിയിൽ സമുച്ചയം നിർമിക്കുന്നതിനും ബാക്കി ഭൂമി റവന്യൂ രേഖകളിൽ തന്നെ നിലനിർത്തുന്നതിനുമാണ് സർക്കാർ നിർദേശം.പുതിയ കോടതി സമുച്ചയം യാഥാർഥ്യമാകുന്നതോടെ പൊന്നാനിയിലെ അഭിഭാഷകർ, കോടതി ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർക്ക് കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷവും മെച്ചപ്പെട്ട നീതിന്യായ സേവനങ്ങളും ലഭ്യമാകുമെന്നാണ് പ്രതീക്ഷ.