മീൻകറിക്ക് 200 എന്ന് പറഞ്ഞു, ബില്ലിൽ 300! പിന്നെ കൂട്ടയടി; കുറ്റിപ്പുറത്തെ ഹോട്ടലിൽ അമിതവിലയെച്ചൊല്ലി കൂട്ടത്തല്ല്.
മീനിന്റെ അമിതവിലയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കുറ്റിപ്പുറത്തെ പ്രശസ്തമായ ഹോട്ടലിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ കയ്യാങ്കളിയും കൂട്ടയടിയും. അടിയുടെ ആഘാതത്തിൽ ഹോട്ടലിലെ മേശകളും കസേരകളും തല്ലിത്തകർത്തു.
സംഭവത്തിൽ ഇരുഭാഗത്തുമായി നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുറ്റിപ്പുറത്തെ ‘മീനും ചോറും’ റസ്റ്റോറന്റിലാണ് സംഭവം. ഭക്ഷണം ഓർഡർ ചെയ്ത സമയത്ത് മീൻകറിക്ക് 200 രൂപയെന്നാണ് ജീവനക്കാർ പറഞ്ഞിരുന്നത്. എന്നാൽ കഴിച്ചു കഴിഞ്ഞ് ബില്ല് വന്നപ്പോൾ മീനിന് 300 രൂപയിലധികം ഈടാക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്തതോടെയാണ് ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും തമ്മിൽ വാക്കേറ്റവും തുടർന്ന് വൻ സംഘർഷവും ഉണ്ടായത്. നിയന്ത്രണം വിട്ടതോടെ ഇരുകൂട്ടരും ഹോട്ടലിലെ സാധന സാമഗ്രികൾ എടുത്ത് അടിയുണ്ടാക്കുകയായിരുന്നു.
ഭക്ഷണ സാധനങ്ങളുടെ യഥാർത്ഥ വില മെനു കാർഡിലോ ഹോട്ടലിലോ കൃത്യമായി പ്രദർശിപ്പിക്കണമെന്ന നിയമം ഇവിടെ പാലിക്കപ്പെടുന്നില്ലെന്ന് ഭക്ഷണം കഴിക്കാനെത്തിയവർ ആരോപിക്കുന്നു. വിലയെച്ചൊല്ലി ഇവിടെ മുൻപും സമാന രീതിയിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാരും സ്ഥിരീകരിക്കുന്നു.
ഇതിനുപുറമേ, വയൽ നികത്തി അനധികൃതമായി പാർക്കിംഗ് സൗകര്യം ഒരുക്കിയതിലും, ഭാരതപ്പുഴയിലേക്ക് മാലിന്യവെള്ളം ഒഴുക്കിവിടുന്നതിലും ഇതേ ഹോട്ടലിനെതിരെ പ്രദേശവാസികളുടെ ഭാഗത്തുനിന്ന് ശക്തമായ പരാതികൾ നിലനിൽക്കുന്നുണ്ട്.