15 പോക്സോ കേസുകളിലെ പ്രതികളായ സഹോദരങ്ങൾ പിടിയിൽ
എടപ്പാൾ: മലപ്പുറം, കാസർഗോഡ് ജില്ലകളിലായി രജിസ്റ്റർ ചെയ്ത 15 പോക്സോ കേസുകളിലെ പ്രതികളായ സഹോദരങ്ങളെ ഇന്ത്യ–നേപ്പാൾ അതിർത്തിയിലെ റക്സോൾ ഗ്രാമത്തിൽ നിന്ന് പോലീസ് പിടികൂടി. മതപഠന സ്ഥാപനങ്ങളിൽ താമസിച്ച് പഠിച്ചിരുന്ന നിരവധി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
പരാതികൾ ഉയർന്നതോടെ ഒളിവിൽ പോയ പ്രതികൾ മംഗളൂരു, ബെംഗളൂരു, മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ താമസിച്ച ശേഷം നേപ്പാളിലേക്ക് കടന്നിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ നേപ്പാൾ പോലീസിന്റെ സഹകരണത്തോടെ അന്വേഷണം ശക്തമാക്കിയതിനെ തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ പ്രതികളെ തിരൂർ ഡിവൈ.എസ്.പി എ.എം. സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും വളാഞ്ചേരി പോലീസും ചേർന്നാണ് പിടികൂടിയത്.
ബിഹാറിൽ നിന്ന് വളാഞ്ചേരിയിലെത്തിച്ച പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
പിടിയിലായവർ മലപ്പുറം കുറുമ്പത്തൂർ മേൽപ്പത്തൂർ മണ്ണന്തറ ഹൗസിൽ മുഹമ്മദ് (40), നൗഫൽ (32) എന്നിവരാണ്. ഇവർക്കെതിരെ മലപ്പുറം, കാസർഗോഡ്, തൃശൂർ ജില്ലകളിലായി കൂടുതൽ പരാതികളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. വളാഞ്ചേരി എസ്.ഐ നിർമൽ മുരളി ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ രാജേഷ്,എ.എസ്.ഐ ജയപ്രകാശ്,എസ്.സി.പി.ഒ ഉദയകുമാർ, സി.പി.ഒ ശ്രീഷ്,സി.പി.ഒ ഉണ്ണിക്കുട്ടൻ വളാഞ്ചേരി പി.എസ് എസ്.സി.പി.ഒ ശൈലേഷ് ഡബ്ലിയു.സി.പി.ഒ രജിത സി.പി.ഒ തോമസ് തുടങ്ങിയവരായിരുന്നു അന്വേഷണസംഘം. എസ്.ഐ നിർമൽ,ഡാൻസാഫ് എ.എസ്.ഐ രാജേഷ്,സി.പി.ഒ തോമസ് എന്നിവരാണ് ബീഹാറിൽ നിന്ന് പ്രതികളെ പിടികൂടിയത്.