അനാസ്ഥയ്ക്കെതിരായ നീണ്ട പോരാട്ടം വിജയം കണ്ടു; ഹർഷിന ഇനി സർക്കാർ ഉദ്യോഗസ്ഥ
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വലിയ ദുരിതം നേരിട്ട കെ.കെ ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ആശുപത്രി വികസന സമിതിക്ക് കീഴിൽ ഓഫിസ് അസിസ്റ്റൻ്റായാണ് നിയമനം നൽകിയിരിക്കുന്നത്.
ഇതു സംബന്ധിച്ച നിർദേശം ആരോഗ്യമന്ത്രി കെ മുരളീധരൻ ആശുപത്രി അധികൃതർക്ക് നേരത്തെ നൽകിയിരുന്നു. രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിൽനിന്ന് നിയമന ഉത്തരവ് കൈപ്പറ്റി ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
ഇന്ന് ജോലിയിൽ പ്രവേശിക്കാനായി സമരസമിതി നേതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം മെഡിക്കൽ കോളേജിലെത്തിയ ഹർഷിന വികാരാധീനയായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. “കൂടെയുണ്ട് കൂടെയുണ്ട് എന്ന് പറഞ്ഞ് തങ്ങളെ അവഗണിക്കുകയും പുച്ഛിച്ചു തള്ളുകയും ചെയ്ത മുൻ അധികാരികൾക്കുള്ള ശക്തമായ മറുപടിയാണിത്,” എന്ന് ഹർഷിന പറഞ്ഞു. കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചു. ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് ഇപ്പോൾ തോന്നി. ഒൻപത് വർഷം മരണം മുന്നിൽക്കണ്ടു ജീവിച്ചതിനൊടുവിൽ സത്യം വിജയിച്ചുവെന്നും ഹർഷിന പ്രതികരിച്ചു. കുറ്റക്കാർക്കെതിരെയുള്ള കേസ് കോടതിയിൽ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി സതീശനെയും ആരോഗ്യമന്ത്രി കെ മുരളീധരനെയും ഹർഷിനയും കുടുംബവും തിരുവനന്തപുരത്ത് എത്തി സന്ദർശിച്ചിരുന്നു. സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ, കൺവീനർ മുസ്തഫ പാലാഴി തുടങ്ങിയ പ്രധാന നേതാക്കൾക്കൊപ്പമാണ് ഹർഷിന മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചത്. മന്ത്രി ടി സിദ്ദീഖും ഇവർക്കൊപ്പമുണ്ടായിരുന്നു. വിഷയത്തിൽ അനുകൂല നടപടികൾ സർക്കാരിൻ്റെ ഭാഗത്തുനിന്ന് വേഗത്തിലാക്കുമെന്നും, അർഹമായ നഷ്ടപരിഹാരം അടക്കമുള്ള വിഷയങ്ങളിൽ കൂടുതൽ ആശ്വാസകരമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ ഉറപ്പുനൽകിയതായി സമരസമിതി നേതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞ സർക്കാർ അടിയന്തര സഹായമായി രണ്ടു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്രയും നാളത്തെ ചികിത്സയ്ക്ക് ഇതിലേറെ തുക ചെലവായതിനാലും, റിപ്പോർട്ടുകൾ തൃപ്തികരമല്ലാത്തതിനാലും ഈ തുക ഹർഷിന സ്വീകരിച്ചിരുന്നില്ല. അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് സമരസമിതിയുടെ പ്രധാന ആവശ്യം. ചികിത്സയിലെ പിഴവ് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടാൽ അത് വീണ്ടും പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചിട്ടുണ്ട്. ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയത് മുതൽ കഴിഞ്ഞ ഒൻപത് വർഷമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഹർഷിന നേരിട്ടത്. നീണ്ട നാളത്തെ പോരാട്ടങ്ങൾക്കും സമരങ്ങൾക്കും ഒടുവിലാണ് അതേ മെഡിക്കൽ കോളജിൽ തന്നെ ജോലി നൽകാൻ സർക്കാർ തീരുമാനിച്ചത്.