Tamil Nadu

കണ്ണീരായ് … കരൂർ…; 39 മരണം, വിജയിയെ അറസ്റ്റ് ചെയ്യണം

ചെന്നൈ: കരൂറില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ച 38 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഒരു സ്ത്രീയുടെ മൃതദേഹമാണ് ഇനി തിരിച്ചറിയാനുളളത്. മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും ഉണ്ടെന്നാണ് വിവരം. ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. ഹേമലത, മക്കളായ സായ് കൃഷ്ണ, സായ് ജീവ എന്നിവരാണ് മരിച്ചത്. രാവിലെ ആറുമണിയോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിത്തുടങ്ങി. 15 പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. 12 മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.

ഇന്നലെ വൈകുന്നേരം എട്ടുമണിയോടെയാണ് കരൂരിൽ വിജയ്യുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.

തന്‍റെ ഹൃദയം തകര്‍ന്നുവെന്നാണ് വികാരഭരിതനായി വിജയ് പ്രതികരിച്ചത്. ‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. വിവരിക്കാന്‍ കഴിയാത്ത വേദനയിലും ദുഃഖത്തിലും ഞാന്‍ പുളയുകയാണ്. കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട പ്രിയപ്പെട്ട സഹോദരി സഹോദരന്മാരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’ വിജയ് എക്‌സ് പോസ്റ്റില്‍ കുറിച്ചു. താന്‍ നടത്തിയ പരിപാടിയില്‍ ഇത്ര വലിയ ദുരന്തമുണ്ടാവുകയും 39 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തപ്പോഴും ഒരക്ഷരം പോലും പ്രതികരിക്കാതെ പോയ വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനുപിന്നാലെയാണ് വിജയ് പ്രതികരിച്ചത്.

അതേസമയം, കരൂർ ദുരന്തത്തിനു പിന്നാലെ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ അറസ്റ്റാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തം. കരൂരിലെ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 39 പേർ മരിച്ച ദുരന്തമുണ്ടായതിനു പിന്നാലെ ഒന്നും മിണ്ടാതെ വിജയ് ചെന്നൈയ്ക്ക് മടങ്ങുകയായിരുന്നു. ട്രിച്ചി വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോടും അദ്ദേഹം പ്രതികരിച്ചില്ല. ഇതിനു പിന്നാലെ വിജ‌യ്‌യെ അറസ്റ്റ് ചെയ്യണമെന്ന് രാഷ്ട്രീയ പാർട്ടികളും സമൂഹമാധ്യമങ്ങളിലും ആവശ്യം ശക്തമാകുകയായിരുന്നു.

വിജയ് ഉച്ചയ്ക്ക് 12 മണിയ്ക്ക് എത്തുമെന്ന് പറഞ്ഞിട്ടും അദ്ദേഹം വൈകിയതാണ് ഈ ദുരന്തത്തിനു കാരണമെന്നാണ് ഒരാൾ എക്സിൽ കുറിച്ചത്. പൊലീസേ, വിഡ്ഢിത്തം നിർത്തൂ, വിജയ്‌യെ അറസ്റ്റ് ചെയ്യൂ എന്നാണ് മറ്റൊരാൾ കുറിച്ചത്. 10,000 പേർ മാത്രമാണ് റാലിക്കെത്തുക എന്നാണ് ടിവികെയുടെ സംഘാടകർ പറഞ്ഞതെന്നും എന്നാൽ ഒരു ലക്ഷത്തോളം പേരാണ് ഇവിടെയെത്തിയതെന്നും ഡിഎംകെ വക്താവ് സേ‌ലം ധരണീധരൻ ആരോപിച്ചു. സിനിമയും ജീവിതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണമെന്നും ഓരോ ജീവനും നഷ്ടപ്പെട്ടതിനു കാരണക്കാരൻ വിജയ് ആണെന്നും അദ്ദേഹം ആരോപിച്ചു. ‘എന്തിനാണ് ഒരു നടനെ കാണാൻ ആളുകൾ അഞ്ചും ആറും മണിക്കൂർ കാത്തിരിക്കുന്നത്. നാമക്കലിൽ രാവിലെ 8.45ന് യോഗം നടക്കുമെന്നാണ് പറഞ്ഞത്. എന്നാൽ ഈ മാന്യൻ 8.45നുള്ള വിമാനത്തിലാണ് പുറപ്പെട്ടതു തന്നെ. നാമക്കലിൽ 4 മണിക്കൂർ വൈകിയാണെത്തിയത്. കൊടുംവെയിലത്ത് മണിക്കൂറുകളോളം അയാളുടെ വരവും കാത്തുനിന്നതിനാലാണ് ആളുകൾ കുഴഞ്ഞുവീണത്. ദുരന്തമുണ്ടായപ്പോൾ വിജയ് ഒളിച്ചോടുകയാണ് ചെയ്തത്’–ധരണീധരൻ പറഞ്ഞു.

അതേസമയം, വിജയ്‌യെ പിന്തുണച്ച് ‘ഞാൻ വിജയ്ക്കൊപ്പം’ എന്ന ഹാഷ്ടാഗുമായി മറ്റൊരു വിഭാഗവും പ്രചരണം തുടങ്ങിയിട്ടുണ്ട്. ഡിഎംകെയും ബിജെപിയും വിജയ്‌യെ വേട്ടയാടുകയാണെന്നാണ് ഇവരുടെ പക്ഷം.

🔹ടിവികെയ്‌ക്കെതിരെ കേസ്

റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച സംഭവത്തില്‍ നടന്‍ വിജയുടെ പാര്‍ട്ടിയായ ടിവികെയ്‌ക്കെതിരെ കേസെടുത്തു. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റാലിയുടെ മുഖ്യസംഘാടകനായ ടിവികെയുടെ കരൂര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ വി.പി മതിയഴകനെതിരെയാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക ശ്രമം ( 109), കൊലപാതകമായി കണക്കാക്കാത്ത കുറ്റകരമായ നരഹത്യ (110), മനുഷ്യജീവനോ അവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി( 125ബി) അധികൃതര്‍ നല്‍കിയ ഉത്തരവുകള്‍ പാലിക്കാതിരിക്കല്‍ (223) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

🔹മരിച്ചവരില്‍ ഒന്നരവയസുള്ള കുട്ടിയടക്കം 10 കുട്ടികൾ. 17 സ്ത്രീകളും

കരൂര്‍ അപകടത്തില്‍ കുട്ടികളടക്കം 39 പേരാണ് മരിച്ചതെന്നാണ് ഒടുവില്‍ പുറത്തുവന്ന വിവരം. മരിച്ചവരില്‍ കൂടുതലും കരൂര്‍ സ്വദേശികളാണ്. മരിച്ചവരില്‍ ഒന്നരവയസുള്ള കുട്ടിയടക്കം 10 കുട്ടികളാണ് മരിച്ചത്. 17 സ്ത്രീകളും 12 പുരുഷന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 58 പേര്‍ ചികില്‍സയിലുണ്ട്. അതേസമയം ദുരന്തസ്ഥലത്തുനിന്ന് രക്ഷപ്പെട്ട വിജയിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. ആളുകള്‍ മരിച്ചുവീണിട്ടും എസിമുറിയിലിരിക്കാനായി വിജയ് ഓടിപ്പോയെന്ന് ദുരന്തത്തിന്റെ ഇരകളുടെ ബന്ധുക്കള്‍ വിമര്‍ശിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ വിജയിയുടെ വീടിന് സുരക്ഷ കൂട്ടിയിട്ടുണ്ട്.
ഡി.എം.കെയും കോണ്‍ഗ്രസും വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്ന് സി.പി.എമ്മും ആവശ്യപ്പെട്ടു.

അതേസമയം, അപകടത്തില്‍ പൊലീസിന് വിഴ്ച പറ്റിയിട്ടില്ലെന്ന് തമിഴ്നാട് ഡി.ജി.പി പറഞ്ഞു. വിജയ് വരാന്‍ വൈകിയതാണ് അപകട‌കാരണം. റാലിക്കെത്തിയവര്‍ക്കായി ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ഉണ്ടായിരുന്നില്ലെന്നും ഡിജിപി പറഞ്ഞു. ദുരന്തത്തില്‍ സഹായ വാഗ്ദാനവുമായി കേരളവരും രംഗത്തുണ്ട്. കരൂരില്‍ ആവശ്യമെങ്കില്‍ സഹായം ഉറപ്പാക്കുമെന്ന് എം.കെ.സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

🔹മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കരൂരില്‍; പത്തുലക്ഷം രൂപ ധനസഹായം

മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പുലര്‍ച്ചെ നാലുമണിയോടെ കരൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെത്തി മരിച്ചവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. വിവരിക്കാനാകാത്ത ദുരന്തമാണ് ഉണ്ടായതെന്നും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജു‍ഡീഷ്യല്‍ അന്വേഷണം നട‌ക്കട്ടെയെന്നും നടപടി അതിനുശേഷമെന്നും സ്റ്റാലിന്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്തത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ടയേഡ് ജഡ്ജി അരുണ ജഗദീശന്‍ അന്വേഷിക്കും. തമിഴ്നാട് സര്‍ക്കാരില്‍നിന്ന് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button