സർവ്വമനുഷ്യർക്കും തണലും കുളിരുമേകിയ ബജറ്റ് 2026 എന്ന് കെ.ടി ജലീൽ എം.എൽ.എ
എടപ്പാൾ: സമാശ്വാസവും തലോടലും സ്നേഹ സ്പർശവും ചേർത്തു പിടിക്കലുമെല്ലാം സമന്വയിച്ച ബജറ്റാണ് ബാലഗോപാലിൻ്റേത് എന്ന് കെ.ടി ജലീൽ എം.എൽ.എ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
സമൂഹത്തിലെ എല്ലാ ഓരോ വിഭാഗത്തെയും അഭിസംബോധന ചെയ്യാൻ ബജറ്റിനായി. ചുരുക്കിപ്പറഞ്ഞാൽ എല്ലാ മനുഷ്യർക്കും തണലും കുളിരും പകർന്ന ബജറ്റ്. മതമല്ല മതമല്ല മതമല്ല പ്രശ്നം, എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്നമെന്ന് ഉൽഘോഷിച്ച ബജറ്റ്.
തൊഴിലുറപ്പു തൊഴിലാളികൾ മുതൽ പാചകത്തൊഴിലാളികൾ അടക്കം ഓട്ടോറിക്ഷാ തൊഴിലാളികൾ വരെയുള്ള എല്ലാവർക്കും അനുകൂല്യങ്ങളുടെ പെരുമഴ തീർത്ത ബജറ്റ്, വിദ്യാർത്ഥികൾ മുതൽ വൈസ് ചാൻസലർമാർ വരെയുള്ളവർക്കെല്ലാം കൈത്താങ്ങായി നിന്നു. ഗവ-എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ച സർക്കാർ ഒന്നാം ക്ലാസ്സ് മുതൽ ഡിഗ്രി പഠനം വരെ വിദ്യാഭ്യാസം ഫീസില്ലാതെ നേടാം. ന്യൂനപക്ഷ വിഭാഗങ്ങളിലെ സാമ്പത്തിക ശേഷി കുറഞ്ഞ കുട്ടികൾക്ക് വിദേശ പഠനത്തിന് 20 ലക്ഷം വരെ സാമ്പത്തിക സഹായം. പൊന്നാനിയിൽ ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ്റെ പേരിൽ ചരിത്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കാനും ബജറ്റിൽ പണം വകയിരുത്തിയിട്ടുണ്ട്.
തവനൂർ മണ്ഡലത്തിൽ 20% നീക്കിവെച്ച 16.5 കോടി രൂപയുടെ അറോളം പ്രധാന പ്രവൃത്തികളാണുള്ളത് എന്ന് എം.എൽ.എ കെ.ടി ജലീൽ അറിയിച്ചു. ശബരിമല ഇടത്താവളമായി എടപ്പാൾ പെരുമ്പറമ്പ് ശ്രീമഹാദേവ ക്ഷേത്രത്തിൻ്റെ ഭൗതിക സൗകര്യങ്ങൾക്കായി 3 കോടി, നടുവട്ടം തണ്ണീർക്കോട് റോഡ് റബറൈസ് ചെയ്യാൻ 3 കോടി, ചേകനൂർ വരതൂർ കായൽ തോട് നവീകരണത്തിന് 3 കോടി, പടിഞ്ഞാറേക്കര സർക്കാർ യു.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 3 കോടി, പൊൽപ്പാക്കര സർക്കാർ എൽ.പി സ്കൂളിന് കെട്ടിടം നിർമ്മിക്കാൻ 1.5 കോടി, മിനിപമ്പ-കടകശ്ശേരി-മൂവ്വാങ്കര റോഡ് രണ്ടാം ഘട്ടം റബറൈസ് ചെയ്യാൻ 3 കോടി എന്നീ ക്രെമത്തിലാണ് തുക വകയിതിരിക്കുന്നത്.