വിദ്യാർത്ഥികളെ വിദ്യാലയങ്ങളിലയക്കാൻ രക്ഷിതാക്കൾ മടി കാണിക്കരുതെന്ന് പൊന്നാനി എ.ഇ.ഒ. ഷോജ ടീച്ചർ.”
പൊന്നാനി ഉപ ജില്ലയിൽ വിദ്യാലയങ്ങൾ തുറന്നതിന് ശേഷം ഒരു വിദ്യാർത്ഥിക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെങ്കിലും അത് വിദ്യാലയത്തിൽ നിന്നായിരുന്നില്ല. അധ്യാപകർ ഏറെ ക്രിയാത്മകമായാണ് വിദ്യാർത്ഥികളുടെ പഠന കാര്യങ്ങളിൽ ഇടപെടുന്നത്. ഇടവേളകൾ ഒഴിവാക്കിയാണ് പഠനം നടത്തുന്നത്. അധ്യാപകരും വിദ്യാർത്ഥികളും പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാലയങ്ങളിൽ സമയം ചിലവിടുന്നതെങ്കിലും പഠനനിലവാരത്തിൽ ഒട്ടും പുറകിലല്ല. രക്ഷിതാക്കൾ പലരും വിദ്യാർത്ഥികളെ സ്കൂളിലേക്കയക്കാൻ താൽപര്യം കാണിക്കുന്നില്ല എന്ന വിഷയം ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ടീച്ചറുടെ പ്രതികരണം.
സ്കൂളിൽ എത്തിയ വിദ്യാർത്ഥികളിൽ പലർക്കും ആദ്യ ദിനങ്ങളിൽ ചില മൂകതകൾ അനുഭവപ്പെട്ടെങ്കിലും നിലവിൽ കുട്ടികൾ ഏറെ ഉൽസാഹത്തിലും സന്തോഷത്തിലുമാണെന്നും ഷോജ ടീച്ചർ കൂട്ടിച്ചേർത്തു.
പഠന രീതി ഉച്ചവരെ എന്ന സമ്പ്രദായം തുടരുമെന്നും ഇതേ കുറിച്ച് പുതിയ ഉത്തരവുകൾ ഒന്നും തന്നെ പുറത്തിറയിട്ടില്ല. പൊന്നാനി ഉപ ജില്ലയിലെ അൻപത് വിദ്യാലയങ്ങളിൽ സന്ദർശനം നടത്തിയതിൽ പല വിദ്യാലയങ്ങളിലെയും പുരോഗതിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ശ്രദ്ധയിൽ പെട്ടെന്നും ക്രിയാത്മകമായ ഇടപെടലുകളിലൂടെ പൊന്നാനി വിദ്യഭ്യാസ ഉപജില്ലക്ക് ഒരു പാട് നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുമെന്നും ഷോജ ടീച്ചർ ചൂണ്ടിക്കാട്ടി. അതിനായി മറ്റ് സഹ അധ്യാപകരുടെയും പി.ടി.എ കമ്മറ്റികളുടെയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. തൃശൂർ സ്വദേശിനിയായിട്ടും തനിക്ക് ഏറെ പ്രിയപ്പെട്ട വിദ്യഭ്യാസ മേഖല ആയതു കൊണ്ട് തന്നെയാണ് താൻ ഏറെ കാലം അധ്യാപികയായും പ്രധാന അധ്യാപികയായും ജോലി ചെയ്ത പൊന്നാനിയെ സേവന മേഖലയായി തിരഞ്ഞെടുത്തതെന്നും ജൻമം കൊണ്ട് താൻ പൊന്നാനിക്കാരി അല്ലെങ്കിലും കർമ്മം കൊണ്ട് താനൊരു പൊന്നാനിക്കാരി തന്നെയാണെന്നും ഷോജ ടീച്ചർ പറഞ്ഞു.