” രുചിക്കൂട്ട്”ഭക്ഷ്യ മേള സംഘടിപ്പിച്ചു
എടപ്പാൾ: എ യു പി എസ് പെരുമ്പറമ്പ് സയൻസ് ക്ലബിന്റേയും സീഡ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ” രുചിക്കൂട്ട്”ഭക്ഷ്യ മേള സംഘടിപ്പിച്ചു.
ആറാം ക്ലാസിലെ ആഹാരം ആരോഗ്യത്തിന് എന്ന പാഠഭാഗത്തിന്റെ തുടർച്ചയായാണ് പ്രദർശനം സംഘടിപ്പിച്ചത്. നൂറോളം ഭക്ഷണപദാർത്ഥങ്ങൾ വിദ്യാർത്ഥികൾ പ്രദർശനത്തിനൊരുക്കിയിരുന്നു. നാട്ടിൽ ധാരാളം ലഭിക്കുന്ന പോഷക ഘടകങ്ങൾ ധാരാളം അടങ്ങിയ ഓമക്കായ, ചേമ്പില , ചീരയില ,മുരിങ്ങയില ചേനയില ,തകര, വിവിധ പച്ചക്കറികൾ എന്നിവ ഉപയോഗിച്ച വിഭവങ്ങളായിരുന്നു മേളയിൽ പ്രദർശിപ്പിച്ചത്. വിലകൂടിയ ഭക്ഷണസാധനങ്ങളേക്കാൾ കൂടുതൽ പോഷക ഘടകങ്ങൾ നമ്മുടെ ചുറ്റും കാണപ്പെടുന്ന സസ്യ ഭാഗങ്ങളിൽ ഉണ്ടെന്ന് കുട്ടികളെ ബോധ്യപ്പെടുത്താൻ മേള സഹായിച്ചു. ഇത്തരം പദാർത്ഥങ്ങൾ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വിഭവങ്ങളാക്കിയാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രദർശനം പ്രധാന അധ്യാപകൻ സുരേഷ് മാസ്‌റ്റർ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ.ടി. രജനി, പി.രേഖ എന്നിവർ പ്രദർശനത്തിന് നേതൃത്യം നൽകി. എസ് ആർ ജി കൺവീനർ ആർ രഞ്ജിത് ആശംസകൾ നേർന്നു. പച്ചക്കറികൾ ഉപയോഗിച്ച വിവിധയിനം പായസങ്ങൾ., തോരനുകൾ , പുഡ്ഡിംഗുകൾ, ഹൽവകൾ , കട് ലറ്റുകൾ ‘വടകൾ. സ്ക്വാഷുകൾ എന്നിവ മേളയെ വൈവിധ്യമുള്ളതാക്കി മാറ്റി.