പൊന്നാനി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി എടപ്പാളിലേക്ക്
എടപ്പാൾ: പൊന്നാനിയിൽ പ്രവർത്തിക്കുന്ന പൊന്നാനി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി എടപ്പാളിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കാനായി എടപ്പാളിൽ സ്ഥല പരിശോധന നടന്നു.
കണ്ടനകം കെ.എസ്.ആർ.ടി.സി.വർക് ഷോപ്പിനോട് ചേർന്ന് കോടതി സ്ഥാപിക്കാനാവുമോയെന്നാണ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി ബാർ അസോസിയേഷന്റെയും റവന്യൂവിലെയും അധികാരികൾ കണ്ടനകത്തെ ഭൂമി പരിശോധിച്ചു.
കോടതിക്കെട്ടിടം സുരക്ഷിതമല്ലെന്ന പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് കോടതി മാറ്റാനുള്ള നീക്കങ്ങളാരംഭിച്ചത്. പൊന്നാനിയിൽ സിവിൽ സ്റ്റേഷനിലടക്കം പല സ്ഥലങ്ങളും പരിഗണിച്ചെങ്കിലും അനുയോജ്യമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് എടപ്പാളിലേക്ക് മാറ്റുന്ന കാര്യം ചർച്ചയിൽ വന്നത്.
കണ്ടനകം കെ.എസ്.ആർ.ടി.സി.വർക് ഷോപ്പിന്റെ അധീനതയിലുള്ള 56 ഏക്കർ ഭൂമിയിൽ നിന്ന് ഒരേക്കർ ഭൂമി കോടതിക്കായി അനുവദിക്കുന്ന കാര്യം ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണമാണ് ജില്ലാ കോടതിയുടെ പരിഗണനയിൽ വന്നത്. തുടർന്ന് ജില്ലാ കോടതി പൊന്നാനി ബാർ അസോസിയേഷൻ പ്രതിനിധികളോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാനാവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാർ അസോസിയേഷൻ ഭാരവാഹികളും കാലടി വില്ലേജ് ഓഫീസധികാരികളും കണ്ടനകത്തെത്തിയത്.
സംസ്ഥാന പാതയോരത്തുള്ള ഭൂമിയിലെല്ലാം കെ.എസ്.ആർ.ടി.സി.യുടെ സ്ഥാപനങ്ങളുള്ളതിനാൽ ഇതിനു പിറകിലായി ഐ.ഡി.ടി.ആർ.റോഡിൽ നിർദ്ദിഷ്ട സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം പഠന കളരിയുടെ പിറകു വശത്തായാണ് അനുയോജ്യമായ സ്ഥലം കണ്ടെത്തിയത്. റവന്യൂ അധികാരികൾ കാണിച്ചു കൊടുത്ത സ്ഥലത്തിന്റെ സ്‌കെച്ച് തയ്യാറാക്കി ഉടൻ ജില്ലാ കോടതിക്ക് സമർപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സുജീർ, വൈസ് പ്രസിഡന്റ് എൻ.എ.ജോസഫ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ.പി.പി.മോഹൻദാസ്, ആരിഫ നാസർ, അഡ്വക്കറ്റുമാരായ സിദ്ധിഖ് പന്താവൂർ, സുനിത, കെ.വി.ഹണി, കെ.കെ.സുഗുണ, കെ.എം.സമീർ, വില്ലേജ് ഫീൽഡ് അസി.ഭാസ്‌കരൻ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.