പൊന്നാനിയിൽ വീണ്ടും കടലാക്രമണം;കടൽഭിത്തിയില്ലാത്ത ഭാഗങ്ങളിൽ മീറ്ററുകളോളം കരഭാഗം കടലെടുത്തുകഴിഞ്ഞു
പൊന്നാനി: മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാഴ്ത്തി തീരത്ത് വീണ്ടും കടലാക്രമണം. കടൽ ഭിത്തിയില്ലാത്ത മേഖലകളിലാണ് തിരയടി ശക്തം. ഏതാനും ദിവസങ്ങളായി കടൽ പ്രക്ഷുബ്ധമാണ്. പൊന്നാനി ഹിളർ പള്ളി പരിസരം, എംഇഎസ് കോളജിന് പിൻവശം, അലിയാർ പള്ളി പരിസരം, തെക്കേക്കടവ്, മുക്കാടി തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതൽ നാശം.
കടൽ ഭിത്തിയില്ലാത്ത ഭാഗങ്ങളിൽ ഉടൻ ഭിത്തി നിർമിക്കുമെന്ന പ്രഖ്യാപനവുമായി ജനപ്രതിനിധികൾ ഓരോ കടലാക്രമണ വേളയിലും തീരത്തെത്താറുണ്ടെങ്കിലും ഇതുവരെയും അനുകൂല നടപടികൾ സ്വീകരിച്ചിട്ടില്ല. കടൽ ഭിത്തിയുണ്ടായിരുന്ന ഭാഗങ്ങളിലാണെങ്കിൽ കരിങ്കല്ലുകൾ ചിതറി ഭിത്തി പൂർണമായും തകർന്ന അവസ്ഥയിലാണ്. കടലാക്രമണത്തിൽ ശക്തമായ തിരയടിക്കൊപ്പം മണലും കാര്യമായി കരയിലേക്കു കയറി വരുന്നുണ്ട്.
വീടുകൾക്കുള്ളിൽ മണൽ അടിഞ്ഞുകൂടുന്ന അവസ്ഥയാണ്. 2 മാസം മുൻപുണ്ടായ കടലാക്രമണത്തിൽ വൻനാശനഷ്ടം തീരത്തുണ്ടായിരുന്നു. ആഴ്ചകളോളം ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞ കുടുംബങ്ങൾ വീടുകളിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും വീണ്ടും കടൽ കലിതുള്ളുകയാണ്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിലിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.