പാർശ്വഭിത്തി നിർമാണത്തിന്റെ മാതൃക തയ്യാറായില്ല : കുണ്ടയാർ പാലം: ഇപ്പോൾ വീഴും കൈവരിയും ഭിത്തിയും
എടപ്പാൾ: എടപ്പാളിനെയും കാലടിയെയും ബന്ധിപ്പിക്കുന്ന കുണ്ടയാർ പാലം പണിതെങ്കിലും പാർശ്വഭിത്തിയും അപ്രോച്ച് റോഡും നിർമിക്കാനുള്ള നടപടികൾ ഇപ്പോഴുമായില്ല. പാർശ്വഭിത്തിക്കുള്ള മാതൃക ലഭ്യമാക്കാനായി പൊന്നാനി പൊതുമരാമത്ത് വിഭാഗം ചീഫ് എൻജിനീയർക്ക് കത്ത് നൽകിയെങ്കിലും അത് ലഭ്യമാകാത്തതാണ് പണിയാരംഭിക്കാൻ തടസ്സമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ നൽകിയ കത്തിൽ പറയുന്നു.
എടപ്പാൾ ടൗണിൽനിന്ന് കാലടി, പാറപ്പുറം, തവനൂർ, ഐങ്കലം, പോത്തനൂർ തുടങ്ങി വിവിധ ഭാഗങ്ങളിലേക്ക് പോകാനുള്ളവർക്കെല്ലാമുള്ള റോഡിലാണ് കുണ്ടയാർ തോടിനു മുകളിലൂടെയുള്ള പാലം.
രണ്ടു വർഷം മുൻപ് രണ്ടരക്കോടി രൂപ ചെലവിൽ പാലം പുതുക്കിപ്പണിതു. മാസങ്ങളോളം രണ്ടു പ്രദേശങ്ങളെ രണ്ടു കരകളിലാക്കി ഗതാഗതം പൂർണമായി തടഞ്ഞുകൊണ്ട് നടത്തിയ പാലംപണിക്കെതിരേ വലിയ ജനരോഷമുയർന്നിരുന്നു. ഇതേ തുടർന്ന് ജനപ്രതിനിധികളും നാട്ടുകാരും നടത്തിയ സമ്മർദ്ദത്തെ തുടർന്ന് പാലംപണി കഴിഞ്ഞ ഉടനെ എക്‌സിക്യുട്ടീവ് എൻജിനീയറുടെ വാക്കാൽ നിർദേശത്തെ തുടർന്ന് അപ്രോച്ച് റോഡും പാർശ്വഭിത്തിയുമൊന്നും പണിയാതെ താത്കാലിക സുരക്ഷാസംവിധാനങ്ങളേർപ്പെടുത്തി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുകയായിരുന്നു.
സ്ഥിരമായ പാർശ്വഭിത്തിയും അപ്രോച്ച് റോഡും നിർമിക്കാൻ എഗ്രിമെന്റ് തുകയിൽ അധികരിക്കാതെ എസ്റ്റിമേറ്റ് പുതുക്കാനുള്ള അനുമതിക്കായി പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥർ കത്ത് നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
പാർശ്വഭിത്തി നിർമിക്കാനായി പാലത്തിനപ്പുറവുമിപ്പുറവുമുള്ള ഭാഗങ്ങളിലെ മണ്ണ് ബലപ്പെടുത്താനുള്ള മാതൃക ഇതുവരെ ലഭിച്ചിട്ടില്ല.
പാലത്തിന്റെ അപ്രോച്ച് റോഡും പാർശ്വഭിത്തിയുമെല്ലാം ഇപ്പോൾ വിണ്ടുകീറി കൈവരികൾ ഇടിഞ്ഞുവീഴാറായ സ്ഥിതിയിലാണ്. അതോടൊപ്പം പൊടി പാറി പ്രദേശവാസികൾ വലിയ ദുരിതമാണനുഭവിക്കുന്നത്. പ്രദേശവാസിയും രോഗിയുമായ മൂസുണ്ണി ഇതുമൂലമനുഭവിക്കുന്ന പ്രയാസം സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നെങ്കിലും ഇപ്പോഴും പരിഹാരമൊന്നുമായിട്ടില്ല.