Local newsMALAPPURAM
റോഡരികിൽ കണ്ട മുള്ളൻപന്നിയെ നാട്ടുകാർ രക്ഷപ്പെടുത്തി
പുറത്തൂർ : അപകടത്തിൽപെട്ട് നടക്കാനാകാത്ത നിലയിൽ റോഡരികിൽ കണ്ട മുള്ളൻപന്നിയെ നാട്ടുകാർ രക്ഷപ്പെടുത്തി വനംവകുപ്പിനു കൈമാറി. രാവിലെ നടക്കാനിറങ്ങിയവരാണു പുറത്തൂർ ഉണ്ടപ്പടിയിൽ മുള്ളൻപന്നിയെ കണ്ടെത്തിയത്. വണ്ടി തട്ടിയോ മറ്റോ പരുക്കേറ്റതിനെ തുടർന്ന് അനങ്ങാനാവാത്ത വിധം റോഡരികിൽ കിടക്കുകയായിരുന്നു. മുള്ളുകൾ വിടർത്തിയിരുന്നതിനാൽ അടുത്തേക്ക് ആളുകൾക്ക് എത്താനും സാധിച്ചില്ല. തുടർന്ന് മധുക്കൽ റിയാസ്, പുത്തൻവീട്ടിൽ യൂസഫ് എന്നിവർ ചേർന്ന് വനം വകുപ്പിൽ വിവരമറിയിച്ചു. വകുപ്പിൽ നിന്ന് ആളെത്തി ഇതിനെ കൊണ്ടുപോകുകയായിരുന്നു. പ്രദേശത്ത് 3 മുള്ളൻപന്നികളുണ്ടെന്നും ഇവയെ പലപ്പോഴും കാണാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.