നരണിപ്പുഴയെ മലിനമാക്കുന്നു: സംരക്ഷണം ആവശ്യപ്പെട്ട് നാട്ടുകാരും പുഴസംരക്ഷണസമിതിയും
എരമംഗലം : പൊന്നാനി കോൾ മേഖലയിലെ പുഞ്ചകൃഷിക്കും പ്രദേശവാസികളുടെ കുടിവെള്ളത്തിനും ഏക ആശ്രയമായ നരണിപ്പുഴ മലിനമാക്കാൻ ചില കോണുകളിൽനിന്ന് ആസൂത്രിത നീക്കം. ഉൾനാടൻ മത്സ്യത്തൊഴിലാളികളെന്ന പ്രചാരണവുമായെത്തുന്നവരാണ് അശാസ്ത്രീയ രീതിയിൽ മീൻ പിടിക്കുന്നത്.
കവുങ്ങ്, തെങ്ങ് തുടങ്ങിയവ ഉപയോഗിച്ച് വളയം കെട്ടുകയും പിന്നീട് ഇതിനകത്ത് മരത്തിന്റെ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ നിറയ്ക്കുകയാണ് ചെയ്യുന്നത്.വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ നരണിപ്പുഴയിൽ ഇത്തരത്തിലുള്ള മീൻപിടിത്തം വ്യാപകമാണ്. പുഴയുടെ ഒഴുക്ക് തടസ്സപ്പെടുന്നതോടൊപ്പം ഭാവിയിൽ പുഴയുടെ നിലനിൽപ്പിനുതന്നെ ഭീഷണി ഉയർത്തുന്നുണ്ട് ഈ പ്രവൃത്തി. പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ കൊഴപ്പുള്ളി താഴത്തെ പാടത്ത് വലിയ തടയണ തന്നെ കെട്ടിയിട്ടുണ്ട്. ഇത് നൂറടിത്തോട്ടിന്റെ ഒഴുക്കിനെ ബാധിക്കുന്നതോടൊപ്പം നരണിപ്പുഴയെയും സാരമായി ബാധിക്കുന്നുണ്ട്.
നരണിപ്പുഴയിലെയും നൂറടിത്തോട്ടിലെയും തുരുമ്പുകളും തടയണകളും നീക്കം ചെയ്യണമെന്ന ആവശ്യവുമായി പുഴസംരക്ഷണസമിതിയും കർഷകരും ഉൾനാടൻ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഒരുമിച്ച് രംഗത്തുണ്ട്. നിരവധി തവണ ഫിഷറീസ് വകുപ്പിന് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.ഒടുവിൽ വെളിയങ്കോട്, പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തുകളും ഇതിനെതിരെ രംഗത്തുവന്നു. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ബോർഡ് യോഗത്തിന്റെ തീരുമാനപ്രകാരം ഇവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഫിഷറീസ് വകുപ്പിന് കത്ത് കൈമാറിയിരുന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം നരണിപ്പുഴയിലും നൂറടിത്തോട്ടിലും സന്ദർശനം നടത്തുകയും അശാസ്ത്രീയ മീൻപിടിത്തത്തിനായി കെട്ടിയ തടയണകൾ നീക്കുന്നതിന് പഞ്ചായത്തിന് നിർദേശം നൽകുകയും ചെയ്തു.
അടുത്തദിവസം വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികൾ പുഴസംരക്ഷണസമിതി, കർഷകസമിതി, ഉൾനാടൻ മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവരുടെ സഹകരണത്തോടെ ഇവ നീക്കം ചെയ്യുന്നതിനുമാണ് തീരുമാനം ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ കെ. ശ്രീജേഷ്, അരുൺ, സൂര്യ, കെ. ബാബുരാജ്, എം.ബി. അശ്വതി, ദിനേശ് മങ്കട എന്നിവരാണ് സന്ദർശനം നടത്തിയത്. കർഷകരും പുഴസംരക്ഷണസമിതി പ്രവർത്തകരും ഉദ്യോഗസ്ഥരെ അനുഗമിച്ചു.