വട്ടംകുളം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
എടപ്പാൾ: സർക്കാർ വാക്സിൻ വിതരണത്തിൽ വിവേചനം കാണിക്കുന്നതായി ആരോപിച്ച് വട്ടംകുളം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോസ് വാക്സിൻ പോലും ഇല്ലാതെ നാലു ദിവസമായിട്ടും ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. ആദ്യ ഡോസ് എടുത്തവർക്ക് നൂറ് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് നൽകാനായിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെട്ടിട്ടും ഫലം കാണാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ധർണ്ണ നടത്തിയത്. പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പത്തിൽ അഷറഫ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.എ.നജീബ് അധ്യക്ഷനായിരുന്നു. മെമ്പർമാരായ ഹസൈനാർ നെല്ലിശ്ശേരി, മൻസൂർ മരയങ്ങാട്ട്, അക്ബർ പനച്ചിക്കൽ, ശാന്ത മാധവൻ, ഹാജറ മുതുമുറ്റത്ത്, ദീപ മണികണ്ഠൻ പ്രസംഗിച്ചു.