യാത്രാക്കൂലിയെ ചൊല്ലി തര്‍ക്കം; ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം.
കൊല്ലം അഞ്ചാലുംമൂട്ടില്‍ യാത്രാക്കൂലിയെ ചൊല്ലിയുളള തര്‍ക്കത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് യാത്രക്കാരുടെ ക്രൂരമര്‍ദനം. അഞ്ചാലുംമൂട് സ്വദേശി അനില്‍കുമാര്‍ (58)നാണ് യാത്രക്കാരില്‍ നിന്ന് മര്‍ദ്ദനമേറ്റത്. തൃക്കരുവ സ്വദേശി ബേബിയാണ് അനില്‍കുമാറിനെ മര്‍ദിച്ചത്. ബേബിയും ബന്ധു പ്രദീപും അനില്‍കുമാറിന്റെ ഓട്ടോയില്‍ യാത്ര ചെയ്തിരുന്നു. യാത്രാക്കൂലിയെ ചൊല്ലി അനില്‍കുമാറുമായി നേരത്തെയുണ്ടായിരുന്ന തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ഡ്രൈവര്‍ അനില്‍ കുമാറിനെ ബേബി റോഡിലിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദിക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്കെതിരെ പ്രദീപ് കത്തി കാട്ടി ഭീഷണി മുഴക്കിയെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. നാട്ടുകാര്‍ ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ യുവാവ് അരയില്‍ നിന്ന് കത്തി പുറത്തെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തില്‍ ബേബി, പ്രദീപ് എന്നിവര്‍ക്കെതിരെ അഞ്ചാലുംമൂട്ട് പൊലീസ് കേസെടുത്തു. ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേസ് അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.