ജി.യു പി എസ് പോത്തന്നൂർ കിഡ്സ് ഫെസ്റ്റ് നടത്തി :
പോത്തന്നൂർ: ജി.യു.പി.എസ് പോത്തന്നൂർ വിദ്യാലയത്തിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കിഡ്‌സ് ഫെസ്റ്റ് ശ്രദ്ധേയമായി. പ്രീ-പ്രൈമറി വിഭാഗത്തിലെ കുരുന്നുകൾ സ്വാതന്ത്ര്യസമരസേനാനിയും കുട്ടികളുടെ പ്രിയങ്കരനുമായ ചാച്ചാജി നെഹ്റുവിൻ്റെ വേഷമണിഞ്ഞെത്തിയത് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
കുരുന്നുകളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഫെസ്റ്റിൻ്റെ ഭാഗമായി അരങ്ങേറി. സ്കൂൾ പരിസരത്തുള്ള ആറ് അംഗനവാടികളിൽ നിന്നുള്ള കുട്ടികൾക്കായി പ്രത്യേക കളറിങ് മത്സരവും ഇതോടനുബന്ധിച്ച് നടന്നു. വിജയികൾക്കുള്ള സമ്മാനദാനം പരിപാടിയിൽ വെച്ച് നൽകി. അംഗനവാടിയിലെ കുട്ടികളുടെ കലാപരിപാടികളും വേദിയിൽ അവതരിപ്പിച്ചു.
പ്രശസ്ത ഗായകൻ ഖാദർഷാ എടപ്പാൾ മുഖ്യാതിഥിയായി പങ്കെടുത്തു. കുട്ടികൾക്കായി അദ്ദേഹം ആലപിച്ച വിവിധ ഗാനങ്ങൾ കുട്ടികളെ ആനന്ദിപ്പിച്ചു. മുഖ്യാതിഥിക്കൊപ്പം ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ശ്രാവൺ വേദിയിലെത്തി ‘വേടൻ്റെ പാട്ട്’ ആലപിച്ചത് സദസ്സിന് നവ്യാനുഭവമായി.
സ്കൂൾ പ്രധാനാധ്യാപകൻ ഹംസ ടി.പി. പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ടി.വി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. MTA പ്രസിഡണ്ട് വിജിത, സ്റ്റാഫ് സെക്രട്ടറി ജോസഫ് KS എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസി സ്വാഗതവും നിഷ നന്ദിയും പറഞ്ഞു.