ഇന്നും സ്വർണ വിലയിൽ നേരിയ കുറവ്; പവന്ന് കുറഞ്ഞത് 80 രൂപ
ഇന്നും സ്വർണത്തിന് തളർച്ചയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിനൊടുവിൽ ഇന്ന് കേരളത്തിൽ നേരിയ വിലക്കുറവാണ് സംഭവിച്ചത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. വിവാഹ പാർട്ടികൾക്കും, ആഭരണപ്രേമികൾക്കും ഇന്ന് അൽപം ആശ്വസിക്കാം. എന്നാൽ രാജ്യാന്തര വിപണിയിലെ വില ഇന്ന് മെച്ചപ്പെട്ടിട്ടുണ്ട്.
ഇന്ന് ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 9005 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 72,040 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,050 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9824 രൂപയും പവന് 78,592 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7368 രൂപയും പവന് 58,944 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,327.26 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ വില ഇടിഞ്ഞിരുന്നെങ്കിലും ഇന്ന് അൽപം മെച്ചപ്പെട്ടിട്ടുണ്ട്. അതിനാൽ ആഭ്യന്തര സ്വർണ വില നാളെ ഉയരുമോ?
ഇന്നലെ വില വമ്പൻ ഇടിവ് രേഖപ്പെടുത്തിയതോടെ ആളുകൾ വ്യാപകമായി സ്വർണം വാങ്ങാൻ തുടങ്ങി. അതാണ് ആഭ്യന്തര വിപണിയിൽ നേരിയ ഇടിവ് മാത്രം സംഭവിച്ചത്. അല്ലായിരുന്നെങ്കിൽ ഇന്നലെ ഇടിഞ്ഞതിലും വലിയ തകർച്ച ഇന്ന് സംഭവിച്ചേനെ.
മാത്രമല്ല ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇടിഞ്ഞതും ഇന്ന് സ്വർണം വമ്പൻ തകർച്ചയിലേക്ക് വീഴാതെ നേരിയ ഇടിവിൽ രക്ഷപ്പെട്ടു. താരിഫ് പ്രതിസന്ധികൾ ഉയർന്നപ്പോൾ നിക്ഷേപകരെല്ലാം ഓഹരി നിക്ഷേപങ്ങളിൽ നിന്നും പിൻവാങ്ങുകയും സ്വർണ നിക്ഷേപങ്ങളിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ ഈ പ്രതിസന്ധികൾക്ക് അയവുണ്ടായപ്പോൾ നിക്ഷേപകർ വീണ്ടും ഓഹരി വിപണികളിലേക്ക് ചുവട് മാറ്റി. അതും സ്വർണ വിലയ്ക്ക് വലിയ ക്ഷീണം തീർത്തു.