Local newsPONNANI

പുതുപൊന്നാനിക്ക് വേണം പുതുപദ്ധതികൾ

എരമംഗലം : അറബിക്കടലും പുഴയും കനോലി കനാലും സദാസമയവും തഴുകിക്കൊണ്ടിരിക്കുന്നതും ദ്വീപിന് സമാനവുമായ പ്രദേശമാണ് പുതുപൊന്നാനി. ജില്ലയിലെ ടൂറിസത്തിന് വലിയ സാധ്യതകൾക്കു വഴിതുറക്കാവുന്നതും പ്രകൃതിസൗഹൃദവും മനോഹരവുമായ പുതുപൊന്നാനിക്കും വേണം പുതുമയുള്ള പുതിയ പദ്ധതികൾ.വെളിയങ്കോട്, പുതുപൊന്നാനി എന്നിവിടങ്ങളിലെ അതിർത്തികൾക്കിടയിലൂടെ ഒഴുകുന്ന പുഴയും അഴിമുഖവും പുതുപൊന്നാനി മുനമ്പത്തെയും വെളിയങ്കോട് മാട്ടുമ്മൽ മേഖലയിലെയും ടൂറിസം സാധ്യതകളെയാണ് മാടിവിളിക്കുന്നത്.സൗകര്യങ്ങളൊന്നുമില്ലാതിരിന്നിട്ടും ഓണം, പെരുന്നാൾ, വിഷു, ക്രിസ്‌മസ്‌ ഉൾപ്പെടെയുള്ള ആഘോഷവേളകളിൽ ആയിരക്കണക്കിനു വിനോദസഞ്ചാരികളാണ് പുതുപൊന്നാനിയിലും വെളിയങ്കോടുമായി എത്തുന്നത്.പി.കെ. ഷാഹുൽ പൊന്നാനി നഗരസഭാ കൗൺസിലറായിരിക്കുമ്പോൾ ജനകീയ കൂട്ടായ്‌മയിൽ അന്നത്തെ എം.എൽ.എ.യായിരുന്ന പി. ശ്രീരാമകൃഷ്‌ണനിൽ സമ്മർദംചെലുത്തി പുതുപൊന്നാനിയുടെ മുഖച്ഛായ മാറ്റത്തിനു വഴിവെക്കുന്ന പുഴയോരപാത പദ്ധതിക്ക് തുടക്കമിട്ടു.പദ്ധതിക്കായി ഒരുകോടി രൂപ 2015-16 വാർഷത്തിലെ ആസ്‌തിവികസന ഫണ്ടിൽനിന്ന് അനുവദിച്ചിരുന്നു. ദേശീയപാത പുതുപൊന്നാനി പാലത്തുനിന്ന് തുടങ്ങി പുതുപൊന്നാനി മുനമ്പം ജാറം വരെ ഒന്നരക്കിലോമീറ്റർ വരുന്ന പുഴയോരപാത.പാതയുടെ പ്രാഥമികഘട്ടത്തിലെ നിർമാണത്തിനായി പൊന്നാനി നഗരസഭ 2016-17 സാമ്പത്തികവർഷത്തിൽ 20 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഹാർബർ എൻജിനിയറിങ് വിഭാഗത്തിന്റെ എതിർപ്പിനെത്തുടർന്ന് പ്രാഥമികഘട്ട പുഴയോരപാതയുടെ നിർമാണം തുടങ്ങാനായില്ല. പദ്ധതിയുടെ ടൂറിസം സാധ്യതകൾ മനസ്സിലാക്കിയ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ രണ്ടരക്കോടി രൂപ ചെലവിൽ സമഗ്രമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാനസർക്കാരിന് കൈമാറി. തുറമുഖവകുപ്പും ഹാർബർ എൻജിനിയറിങ് വിഭാഗവും തമ്മിൽ പദ്ധതിയുടെ അവകാശം സംബന്ധിച്ചുള്ള തർക്കത്താൽ ഇപ്പോഴും പദ്ധതിയുടെ റിപ്പോർട്ട് സർക്കാരിന്റെ മേശപ്പുറത്ത് കിടക്കുകയാണ്. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലായ പുതുപൊന്നാനിയുടെ സാമ്പത്തിക, സാംസ്‌കാരിക, വിനോദ മേഖലകളിൽ ഉൾപ്പെടെ വലിയ കുതിച്ചുചാട്ടത്തിന് വഴിവെക്കാവുന്ന പദ്ധതികൂടിയാണ് പുഴയോരപാത. മുനമ്പം ബസ് സർവീസും ചുവപ്പുനാടയിൽ മലബാറിലെത്തന്നെ വലിയ തീർഥാടന കേന്ദ്രമാണ് പുതുപൊന്നാനി മുനമ്പത്ത് ബീവി ജാറം. കേരളത്തിൽനിന്നും പുറത്തുനിന്നുമായി നിരവധിപേരാണ് ദിവസവും ജറാത്തിലേക്ക് തീർഥാടനത്തിനായി എത്തുന്നത്. പുതുപൊന്നാനി സെന്ററിൽ ബസ് ഇറങ്ങിയാൽ രണ്ടുകിലോമീറ്ററോളം നടന്നുവേണം ജാറത്തിലെത്താൻ. ഇതിനു പരിഹാരമെന്നോണം പ്രദേശവാസികൾക്കുകൂടി ഉപകാരപ്പെടുന്നരീതിയിൽ പുതുപൊന്നാനിയിൽ എത്തുന്ന സ്വകാര്യ ബസുകൾ മുനമ്പം വരെ സർവീസ് നടത്തുന്നതിനായി പദ്ധതി തയ്യാറാക്കി. രണ്ടു ബസുകൾ ദിവസവും അഞ്ച് ബസുകൾ ഭാഗികമായും സർവീസ് നടത്താൻ തയ്യാറായി. ഇതിനായി 2013-ലും 2016-ലും നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം നടത്തിയപ്പോൾ പൊന്നാനി ആർ.ടി.ഒ. അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് പലപ്പോഴായി ശ്രമങ്ങൾ നടന്നെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button