വണ്ടൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ഡോക്ടർക്കും ആശുപത്രിക്കുമെതിരെ പരാതി
വണ്ടൂർ: വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ ഗുരുതരആരോപണങ്ങളുമായി ബന്ധുക്കൾ. വണ്ടൂർ എറിയാട് സ്വദേശി പുതിയത്ത് ദിൽഷാദിന്റെ ഭാര്യ ഷബ്ന (37) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും വണ്ടൂർ പോലീസിൽ പരാതി നൽകി.
ഡോക്ടർ ഭാഗ്യ വാബുവിനും ആശുപത്രി അധികൃതർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.രോഗിയുടെ ആരോഗ്യനില കൃത്യമായി മനസ്സിലാക്കുന്നതിലും ആവശ്യമായ ചികിത്സ നൽകുന്നതിലും വീഴ്ചയുണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.സംഭവത്തെ തുടർന്ന് വണ്ടൂരിൽ പ്രതിഷേധം ശക്തമായി. കുറ്റക്കാരെന്ന് ആരോപിക്കപ്പെടുന്ന ഡോക്ടർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ആശുപത്രിയിലേക്ക് ജനകീയ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചിട്ടുണ്ട്.