മഹാരാഷ്ട്രയിൽ ഗർഭിണിയെ ജീവനോടെ കത്തിച്ചു; നാലുപേർ അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിൽ ഗർഭിണിയായ യുവതിയെ മർദിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ജീവനോടെ തീകൊളുത്തി. അഹല്യനഗർ സ്വദേശിനി പിങ്കി ഹനുമന്ത് കട്ക (31) ആണ് കൊല്ലപ്പെട്ടത്. ധൂലെ-സോലാപൂർ ദേശീയപാതയിലെ വിജനമായ മേഖലയിൽ പകുതി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ നേരിട്ട് പങ്കുള്ള നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്ജാംഖേഡ് മേഖലയിലെ ഒരു ആർട്ട് സെന്ററിൽ നടന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തർക്കത്തിനിടെ പ്രതികൾ യുവതിയെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചെന്ന് കരുതി പ്രതികൾ മൃതദേഹം ഉപേക്ഷിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 275 കിലോമീറ്റർ അകലെയുള്ള ധൂലെ ജില്ലയിലേക്ക് പ്രതികൾ യുവതിയെ കാറിൽ എത്തിക്കുകയും തുടർന്ന് ആളൊഴിഞ്ഞ മലയോര പ്രദേശത്ത് വച്ച് യുവതിയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് കൊലപാതകം തെളിയിക്കുന്നതിൽ നിർണായകമായത്. സംശയാസ്പദമായ വാഹനം ലക്ഷ്യമാക്കിയുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്. അറസ്റ്റിലായ നാല് പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റ് രണ്ട് പേർ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു