മീൻകുഞ്ഞുങ്ങളെ വൻതോതിൽ പിടികൂടുന്നു; തീരത്ത് പരിശോധന
പൊന്നാനി : മീൻ കുഞ്ഞുങ്ങളെ വളരാൻ അനുവദിക്കുന്നില്ല. ജില്ലയുടെ തീരപ്രദേശത്ത് ഊറ്റിയെടുത്ത് മീൻപിടിത്തം. നാളെയെന്ന കരുതലില്ലാതെ പരമ്പരാഗത വള്ളങ്ങൾ കോരിയെടുക്കുന്നത് ടൺ കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ. മൺസൂൺ കാലത്ത് ട്രോളിങ് ബോട്ടുകൾക്ക് നിരോധനമേർപ്പെടുത്തിയിരിക്കുന്നതു തന്നെ മീൻ കുഞ്ഞുങ്ങൾക്ക് വളരാനുള്ള സമയം നൽകുന്നതിനാണ്. എന്നാൽ, പരമ്പരാഗത വള്ളങ്ങൾ ഇവയെല്ലാം
ഊറ്റിയെടുക്കുന്ന കാഴ്ചയാണ് തീരദേശത്ത്. ടൺ കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ വിപണികളിലെത്തിക്കുന്നു. അയലക്കുഞ്ഞുങ്ങൾ ഒന്നര കിലോ ഗ്രാമിന് 50-100 രൂപ വരെ നിരക്കിലാണ് വിറ്റഴിക്കുന്നത്.
ആർക്കും ഉപകരിക്കാത്ത നിരക്കിൽ മീൻ കുഞ്ഞുങ്ങളെ ഊറ്റിയെടുത്ത് വിറ്റഴിക്കുന്നത് മേഖലയെ തകർക്കുമെന്ന്
മത്സ്യത്തൊഴിലാളികൾ പറയുന്നു. കർശനമായ പരിശോധനകൾ നടക്കുന്നുണ്ടെങ്കിലും
എല്ലായിടത്തേക്കും അധികൃതരുടെ ശ്രദ്ധയെത്തുന്നില്ല. ഓരോ തവണ പരിശോധന നടത്തുമ്പോഴും വൻ തോതിലുള്ള മത്സ്യമാണ്
പിടികൂടുന്നത്. മീൻകുഞ്ഞുങ്ങളെ പിടിക്കുന്ന വള്ളക്കാർക്കെതിരെ നടപടി കർശനമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജില്ലയുടെ തീരപ്രദേശത്ത് രാവിലെ മുതൽ പരിശോധന നടന്നു. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോഹൂർ, അസിസ്റ്റന്റ് ഡയറക്ടർ കെ.ടി.അനിത, തീരദേശ പൊലീസ് സിഐ രാജ് മോഹൻ എന്നിവർ നേതൃത്വം നൽകി.