മലപ്പുറത്തിൻ്റെ സ്നേഹവും സഹിഷ്ണുതയും ലോകത്തിന് മാതൃക: ഡോ. അമിതാഭ് കുണ്ടു എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന് പ്രൗഢാരംഭം
എടപ്പാൾ: മനുഷ്യരെ ജാതി-മത ഭേദമന്യേ നെഞ്ചോട് ചേർത്തുപിടിക്കാനും സാമൂഹിക ഐക്യം നിലനിർത്താനുമുള്ള വിശാല മനസ്സാണ് മനുഷ്യനെ പൂർണ്ണനാകുന്നതെന്ന് പ്രമുഖ വികസന സാമ്പത്തിക ശാസ്ത്രജ്ഞനും അക്കാദമിഷ്യനും പബ്ലിക് പോളിസി വിദഗ്ദ്ധനുമായ ഡോ. അമിതാഭ് കുണ്ടു. എടപ്പാളിൽ ആരംഭിച്ച മുപ്പത്തിമൂന്നാമത് പതിപ്പ് എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം എന്നത് കേവലം ഒരു നഗരമല്ല, മറിച്ച് സ്നേഹത്തിന്റെയും പരസ്പര ഉൾക്കൊള്ളലിന്റെയും വലിയൊരു പ്രതീകമാണെന്നും ഏറ്റവും സാധാരണക്കാരായ ജനവിഭാഗങ്ങൾ തങ്ങളുടെ മണ്ണും മനസ്സും ഒരേപോലെ പങ്കുവെച്ചാണ് ഈ ദേശം വളർത്തിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഈ മനോഹരമായ കൊടുക്കൽ വാങ്ങലുകളാണ് നമ്മുടെv സാമൂഹിക ഐക്യത്തെ ശക്തിപ്പെടുത്തിയത്. വൈവിധ്യങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കാനും ഹൃദയത്തോട് ചേർക്കാനുമുള്ള ഈ നാടിന്റെ വിശാലമനസ്സാണ് ഇവിടുത്തെ ജനങ്ങളുടെ ഏറ്റവും വലിയ കരുത്ത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര മുശാവറ അംഗവും എസ്.എം.എ സംസ്ഥാന പ്രസിഡന്റുമായ മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി സാഹിത്യോത്സവിന്റെ ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ സന്ദേശപ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജി,എസ് വൈ എസ് ജില്ല ജനറൽ സെക്രട്ടറി മുനീർ പാഴൂർ, എസ് എസ് എഫ് ജില്ല പ്രസിഡന്റ് ജാഫർ ശാമിൽ ഇർഫാനി എന്നിവർ പ്രസംഗിച്ചു. അബ്ദുറസാഖ് ഫൈസി, ഹൈദർ മുസ്ലിയാർ, മുഹമ്മദലി സഖാഫി കൊളപ്പുറം, വാരിയത്ത് മുഹമ്മദലി അൻവരി, ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക്, ജലീൽ അഹ്സനി കാളച്ചാൽ, മുഹമ്മദ് നജീബ് അഹ്സനി സംബന്ധിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുൽ മജീദ് സ്വാഗതവും മുഹമ്മദ് റഫീഖ് അഹ്സനി നന്ദിയും പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സര പരിപാടികളിൽ 175 മത്സര ഇനങ്ങളിലായി 12 ഡിവിഷനുകളിൽ നിന്നുള്ള 2000 മത്സരാർത്ഥികൾ പങ്കെടുക്കും. “ബന്ധങ്ങളുടെ വ്യാകരണം” എന്ന പ്രമേയത്തിൽ ഇന്നലെ നടന്ന ചർച്ചയിൽ യുവകവി വിമീഷ് മണിയൂർ,ജാബിർ കാന്തപുരം എന്നിവർ സംവദിച്ചു. ഇന്ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന സമാപന സംഗമം കേരള മുസ്ലിം ജമാഅത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. അക്ഷരങ്ങളുടെയും ആശയങ്ങളുടെയും അറിവനുഭങ്ങൾക്ക് മാറ്റുകൂട്ടാൻ ജില്ലാ സാഹിത്യോത്സവിൻ്റെ 11 വേദികൾ ഒരുങ്ങിയിരിക്കുന്നത് മലയാളിമനസ്സിൽ മായാതെ കിടക്കുന്ന ഗൃഹാതുരസ്മരണകളെയും നാട്ടുനന്മകളെയും കോർത്തിണക്കിയാണ്.