PUBLIC INFORMATION

പെട്രോള്‍– ഡീസല്‍ വില 28 രൂപ വരെ വര്‍ധിപ്പിച്ചേക്കാം; തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വരുന്നത് വിലകയറ്റം

അഞ്ചു സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഉയരുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിലയിലെ വര്‍ധനവ് കാരണം പെട്രോളിനും ഡീസലിനും 25-28 രൂപ വരെ വര്‍ധിപ്പിച്ചേക്കാം എന്നാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഇക്വിറ്റീസിന്‍റെ വിലയിരുത്തുന്നത്. എന്നാല്‍ ഒറ്റത്തവണയായി വലിയ വില വര്‍ധനവിന് പകരം ഘട്ടംഘട്ടമായി വില വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് ബ്രോക്കറേജ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ഹോര്‍മുസ് കടലിടുക്കിലെ വ്യാപാരത്തെ ബാധിച്ചതിനാല്‍ എണ്ണ വിലയില്‍ വലിയ ചാഞ്ചാട്ടമുണ്ട്. സ്പോട്ട് വിലയും ഫ്യൂച്ചര്‍ വിലയും തമ്മില്‍ വ്യത്യാസം വര്‍ധിക്കുകയാണ്. ഇത് വിതരണത്തിലെ കടുത്ത സമ്മര്‍ദ്ദത്തെയാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന വര്‍ധനവ് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ ശരാശരി വിലയായ ക്രൂഡ് ബാസ്ക്കറ്റ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വലിയ തോതില്‍ ഉയര്‍ന്നു. ഇറക്കുമതിയില്‍ 13-15 ശതമാനം കുറവു വന്നിട്ടും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവില്‍ ദിനംപ്രതി 190-210 ദശലക്ഷം ഡോളറിന്‍റെ വര്‍ധനവാണ് ഉണ്ടാകുന്നത്.

സാഹചര്യം ഇങ്ങനെയാണെങ്കിലും ഇതുവരെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ് വരുത്തിയിട്ടില്ല. ഇത് റിഫൈനറികള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. റിഫൈനറികള്‍ക്ക് പ്രതിമാസം 27,000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതിലൂടെ ഉണ്ടാകുന്നത്. കമ്പനികള്‍ക്ക് എക്സൈസ് ഡ്യൂട്ടിയില്‍ 10 രൂപയുടെ ഇളവ് നല്‍കിയെങ്കിലും ഇതൊന്നും കമ്പനികളുടെ നഷ്ടത്തെ നികത്താന്‍ മാത്രമുള്ളതല്ലെന്നും കൊട്ടക് ഇക്വിറ്റീസ് പറയുന്നു.

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ശക്തമാണെങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍ ഇത് വൈകുകയാണെന്ന് കൊട്ടക് ഇക്വിറ്റീസ് നിരീക്ഷിക്കുന്നു. ഏപ്രില്‍ 29 ന് അവസാന ഘട്ട തിരഞ്ഞെടുപ്പ് നടന്നാല്‍ ഇന്ധന വില പരിഷ്കരിക്കാനുള്ള സാധ്യതയാണ് കൊട്ടക് കാണുന്നത്. ക്രൂ‍ഡ് ഓയില്‍ വില ബാരലിന് 120 ഡോളറോളം എത്തിയ സാഹചര്യത്തില്‍ ലിറ്ററിന് 25-28 രൂപ വര്‍ധിക്കാമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഒന്നിച്ച് വലിയ തുക വര്‍ധിപ്പിക്കില്ലെന്നും പണപ്പെരുപ്പ ആശങ്കകള്‍ പരിഗണിച്ച് ചെറിയ തുകകളായാകും വില വര്‍ധനവെന്നുമാണ് റിപ്പോര്‍ട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button