തിരൂരിൽ യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഫോൺ തട്ടി: സ്വകാര്യ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
തിരുർ :മലപ്പുറം തിരൂരിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ മൊബൈൽ ഫോൺ കവരുകയും സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ തിരൂർ പൊലിസിന്റെ പിടിയിലായി. പരിയാപുരം മൂസാന്റെ പുരക്കൽ സാദിഖ് (32), പട്ടരുപറമ്പ് കെ. പുരം പാലേരി വീട്ടിൽ ഫാസിൽ (32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 10-നായിരുന്നു കേസിനാസ്പദമായ സംഭവം. ആലത്തിയൂരിലെ ക്ലബിൽ ഇരിക്കുകയായിരുന്ന പരാതിക്കാരനായ യുവാവിനോട് പ്രതികൾ സുഹൃത്തിനെ കാണിച്ചുതരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് യുവാവ് സുഹൃത്തിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കണക്റ്റായില്ല. ഇതോടെ രോഷാകുലരായ പ്രതികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുക്കുകയായിരുന്നു. ഫോണിന്റെ പാസ്‌വേഡ് നിർബന്ധപൂർവം കൈക്കലാക്കിയ പ്രതികൾ, പൊലിസിൽ പരാതിപ്പെട്ടാൽ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് ഫോണിലുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി യുവാവിന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്ത് അപമാനിക്കുകയായിരുന്നു.