കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് പദവിയിലേക്ക്; മലപ്പുറം ജില്ലാ കളക്ടർ സന്ദർശനം നടത്തി*
കൂട്ടായി : സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തിൽ പുതിയ ചരിത്രമെഴുതാൻ ഒരുങ്ങി മലപ്പുറം ജില്ലയിലെ കൂട്ടായി ബീച്ച്. അന്താരാഷ്ട്ര നിലവാരമുള്ള ‘ബ്ലൂ ഫ്ലാഗ് പദവിയിലേക്ക് ബീച്ചിനെ ഉയർത്തുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ കളക്ടർ ഡോ: വിനയ് ഗോയൽ പ്രദേശം സന്ദർശിച്ചു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ജില്ലയുടെ തീരദേശ ടൂറിസത്തിന് വലിയ കുതിപ്പാണ് ലഭിക്കുക.ഇന്ത്യയിൽ ആകെ 13 ബീച്ചുകൾക്ക് മാത്രമാണ് നിലവിൽ ഈ പദവിയുള്ളത്. പതിനാലാമത്തെ ബ്ലൂ ഫ്ലാഗ്ഷിപ്പ് പദവിയിലേക്കാണ് കൂട്ടായി ബീച്ചിനെ ഉയർത്താനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. നിലവിൽ കേരളത്തിൽ രണ്ട് ബീച്ചുകൾക്കാണ് ഈ അംഗീകാരമുള്ളത്. പദ്ധതിയുടെ മുന്നോടിയായുള്ള നിർണായക ഘട്ടമായ ജലപരിശോധന ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ബീച്ചിൽ ആവശ്യമായ പാർക്കിംഗ് സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള നടപടികളും വേഗത്തിൽ നടന്നു വരുന്നു. കടലുണ്ടി മുതൽ പൊന്നാനി വരെ നീണ്ടു കിടക്കുന്ന മലപ്പുറം ജില്ലയുടെ ടൂറിസം സാധ്യതകൾക്ക് പദ്ധതി വൻ ഉണർവ് നൽകും. കൂടാതെ പ്രദേശവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ഹോംസ്റ്റേകൾ പോലുള്ള സൗകര്യങ്ങൾ ഒരുക്കി വരുമാന വർദ്ധനവ് ഉണ്ടാക്കാനും, പ്രാദേശത്തെ ജനങ്ങളുടെ ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണനം ചെയ്യാനും ഈ പദ്ധതി വഴിയൊരുക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് പരിസ്ഥിതി സൗഹൃദപരമായി വികസിപ്പിക്കുന്ന ഈ പദ്ധതി എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ. ഡിടിപിസി സെക്രട്ടറിവിപിൻ ചന്ദ്ര, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, സീനിയർ സൂപ്രണ്ട് കലക്ടറേറ്റ് സൗമ്യ, ലോ ഓഫീസർ ലേഖ, പടിഞ്ഞാറേക്കര ടൂറിസം ബീച്ച് മാനേജർ സലാം താണിക്കാട്,വരുൺ വണ്ടൂർ, വാർഡ് മെമ്പറും മംഗലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ നൗഷാബി കുറ്റിക്കാട് തുടങ്ങിയവർ കലക്ടറെ അനുഗമിച്ചു.