KERALA

കൊക്കയാർ ഉരുൾ പൊട്ടൽ :മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. തെരച്ചിൽ പുരോഗമിക്കുന്നു.

കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അഫ്‍ന ഫൈസൽ (8), അഫിയാൻ ഫൈസൽ (4), അംന (7) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പൂര്‍ണ്ണമായി മണ്ണില്‍ പൊതിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാവിലെ ഏഴുമണി മുതല്‍ എന്‍ഡിആര്‍എഫും പൊലീസും പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. ഇനി അഞ്ചുപേരെയാണ് ഇവിടെ കണ്ടെത്താനുള്ളത്. കൊക്കയാർ പഞ്ചായത്തിന് സമീപം ഒഴിക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം പെരുവന്താനം നിർമലഗിരിയിൽ മലവെള്ളപാച്ചിലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടശ്ശേരിയിൽ ജോജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് ജോജോ മലവെള്ളപാച്ചിലിൽപ്പെട്ടത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചുരുങ്ങിയ സമയത്തിൽ തോരാതെ പെയ്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന പെരുമഴയ്ക്ക് കാരണം ലഘുമേഘ വിസ്ഫോടനമാണെന്നാണ് വിലയിരുത്തൽ. അസാധാരണമായി രൂപംകൊള്ളുന്ന മേഘകൂമ്പാരങ്ങളാണ് പലയിടത്തും രണ്ട് മണിക്കൂറിൽ അഞ്ച് സെന്‍റിമീറ്ററിലധികം തീവ്രമഴയായി പെയ്തിറങ്ങിയത്. 

കനത്ത മഴക്കിടെയാണ് കൊക്കയാറിൽ ഉരുൾപൊട്ടലുണ്ടായത്. ശനിയാഴ്ച രാവിലെ മുതൽ മഴയുണ്ടായെങ്കിലും ഉച്ചയോടെയാണ് കൊക്കയാറിനു സമീപത്ത ഒരു മലഞ്ചെരിവ് ഒന്നാകെ ഉരുൾപൊട്ടി വീടുകൾക്ക് മുകളിലേക്ക് ഒഴുകിയെത്തിയത്. നിമിഷങ്ങൾക്കകം തന്നെ അഞ്ച് വീടുകൾ ഒന്നാകെ ഒലിച്ചുപോയി. അമീൻ സിയാദ്(10), അംന സിയാദ്(ഏഴ്), അഫ്സാര ഫൈസൽ(എട്ട്), അഫിയാൻ ഫൈസൽ(നാല്), സച്ചു ഷാഹുൽ (ഏഴ്), ഫൗസിയ സിയാദ്(28), ഷാജി ചിറയിൽ(55), ആൻസി സാബു(50) എന്നിവരെയാണ് കൊക്കയാറിൽ കാണാതായത്.

അതിനിടെ, മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലുമായി സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 17 ആയി. കോട്ടയം കൂട്ടിക്കലിൽ നേരത്തെ 11 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button