ജില്ലയിൽ ക്ഷേമ പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാതെ 1.65 ലക്ഷം പേർ
മലപ്പുറം: ജില്ലയിൽ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ 1,65,216 പേർ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടില്ല. സെപ്തംബർ 30നകം മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ പെൻഷൻ മുടങ്ങിയേക്കും. ജില്ലയിലെ ആകെ 5.55 ലക്ഷം (5,55,009) ഗുണഭോക്താക്കളിൽ 3.89 ലക്ഷം (3,89,793) പേർ ഇതിനകം മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടുണ്ട് (70.23%). ജൂലായ് 17നാണ് മസ്റ്ററിംഗ് ആരംഭിച്ചത്. അക്ഷയകേന്ദ്രങ്ങൾ വഴി 30 രൂപ ഫീസ് ഈടാക്കിയാണ് ആധാർ അധിഷ്ഠിത ഇ-മസ്റ്ററിംഗ് നടത്തുന്നത്. അക്ഷയയ്ക്ക് പുറമേ തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. മസ്റ്ററിംഗ് സാദ്ധ്യമാകാത്തവർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയാകും.സാമൂഹ്യ സുരക്ഷാ പെൻഷൻ അർഹരായവരിലേക്ക് തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് സർക്കാർ ആധാർ അധിഷ്ഠിത ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നത്. ഗുണഭോക്താവ് മരണപ്പെട്ട ശേഷവും മറ്റുള്ളവരോ ബന്ധുക്കളോ ഈ തുക അനധികൃതമായി കൈപ്പറ്റുന്നത് പൂർണ്ണമായും തടയാൻ ഇത് സഹായിക്കും. ഡാറ്റാബേസ് ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ വ്യാജ മേൽവിലാസത്തിലോ ഇരട്ടിപ്പിലൂടെയോ ഒന്നിലധികം പെൻഷനുകൾ വാങ്ങുന്ന അനർഹരെ എളുപ്പത്തിൽ കണ്ടെത്താനുമാവും.
നിയന്ത്രണം തിരിച്ചടിയായി :- കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻ.ഐ.സി) സോഫ്റ്റ്വെയറിൽ പരിഷ്കാരങ്ങൾ നടക്കുന്നതിനാൽ മസ്റ്ററിംഗിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.ഇതുമൂലം വയോജനങ്ങൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ വീടുകളിൽ നേരിട്ടെത്തിയുള്ള മസ്റ്ററിംഗ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.വീടുകളിലെത്തി മസ്റ്ററിംഗ് നടത്തുമ്പോൾ അക്ഷയ കേന്ദ്രങ്ങൾക്ക് 50 രൂപ ഈടാക്കാം. ഈ നടപടികൾ ഓണത്തിന് ശേഷം തുടരുമെന്ന് അധികൃതർ അറിയിച്ചു.