വിഴിഞ്ഞത്ത് ഈ വര്‍ഷം അവസാനത്തോടെ കപ്പലടുപ്പിക്കാനാണ് ശ്രമമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
വിഴിഞ്ഞത്ത് ഈ വര്‍ഷം അവസാനത്തോടെ കപ്പലടുപ്പിക്കാനാണ് ശ്രമമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. 2024വരെ പദ്ധതി പൂര്‍ത്തിയാക്കാന്‍ അദാനി ഗ്രൂപ്പിന്, കേന്ദ്രം സമയം നീട്ടി നല്‍കിയെന്ന അറിയിപ്പ് സംസ്ഥാനത്തിനെ അറിയിച്ചിട്ടില്ല. ഇതേ പറ്റി അദാനി ഗ്രൂപ്പും സര്‍ക്കാരിനോട് വിശദീകരിച്ചിട്ടില്ലെന്നും പദ്ധതി സംബന്ധിച്ച അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. 2023ല്‍ കപ്പലടുപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഇപ്പോഴത്തെ അനുകൂല കാലാവസ്ഥയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുകയാണ്. അതിനാല്‍ ഈ വര്‍ഷം അവസാനത്തോടെ വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് വിലയിരുത്തല്‍. പുലിമുട്ട് നിര്‍മാണം 1550 മീറ്റര്‍ പിന്നിട്ടു. 3200 മീറ്ററാണ് പൂര്‍ത്തിയാക്കാനുള്ളത്. പ്രതിദിനം പതിനായിരം ടണ്‍ മുതല്‍ 13,00 ടണ്‍ വരെ പാറയാണ് കടലില്‍ നിക്ഷേപിക്കുന്നത്. ഏഴു ബാര്‍ജുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത് ഇതിനായി ഇപ്പോള്‍ 11 ബാര്‍ജുകളുണ്ട്. ഇലക്ട്രിക് സബ്സ്റ്റേഷന്‍റെയും ഗേറ്റ് കോംപ്ലക്സിന്‍റെയും ഉദ്ഘാടനം മാര്‍ച്ചില്‍ നടക്കും. പദ്ധതിക്കായി കുടിയൊഴിക്കപ്പെട്ടവരില്‍ അഞ്ച് കുടുംബങ്ങള്‍ക്ക് കൂടി നഷ്ടപരിഹാരം കൊടുക്കാനുണ്ടെന്നും അത് ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.