PUBLIC INFORMATION

വയനാട് തുരങ്കപാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട നാലുവരി തുരങ്കപാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതി അനുമതി നല്‍കി. 60 ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതി അന്തിമ പാരിസ്ഥിതികാനുമതി നല്‍കിയത്. ഇതോടെ കരാര്‍ ഒപ്പിട്ട് തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കാനാകും.

ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് നടപ്പിലാക്കാനുള്ള ശുപാര്‍ശ മെയ് 14-15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തില്‍ സമര്‍പ്പിച്ചിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധസമിതി മാര്‍ച്ചില്‍ അനുമതി നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥി ആഘാത വിലയിരുത്തല്‍ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്ധസമിതിയുടെ പരിഗണനയ്ക്കുവിട്ടത്.
തുരങ്കപാതയുടെ നിര്‍മാണത്തിന്റെ ഖനനസമയത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള സ്‌ഫോടനതിന്റെ പ്രത്യാഘാതങ്ങള്‍ കുറക്കാന്‍ സി എസ് ഐ ആര്‍, സി ഐ എം എഫ് ആര്‍ എന്നിവ നല്‍കിയിട്ടുള്ള മുഴുവന്‍ നിര്‍ദേശങ്ങളും പാലിക്കാന്‍ പദ്ധതി നിര്‍വാഹകര്‍ ശ്രദ്ധിക്കണം എന്നതാണ് വിദഗ്ധസമിതിയുടെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്.

വൈബ്രേഷന്‍, പ്രളയം, ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ എന്നിവയിലുള്ള നിര്‍ദേശങ്ങളും പാലിക്കണം. ഇവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ആറു മാസത്തില്‍ ഒരിക്കല്‍ പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറണം. നാല് ഗ്രൗണ്ട് വൈബ്രേഷന്‍ മോണിറ്ററിങ് സ്റ്റേഷനുകള്‍ നിര്‍മിക്കാനും നിര്‍ദേശമുണ്ട്. നിര്‍മാണ ജോലിക്കിടെ മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനായുള്ള സംവിധാനങ്ങളും ഒരുക്കണം. പശ്ചിമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന പാത ജൈവ വൈവിധ്യ സമ്പന്നമായതിനാല്‍ സംരക്ഷണ പട്ടികയിലുള്ള ബാണാസുര ചിലപ്പന്‍ അടക്കമുള്ള പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണത്തിനാവശ്യമായ കാര്യങ്ങളും ചെയ്യണം.

അപ്പന്‍കാപ്പ് ആന ഇടനാഴിയുടെ സംരക്ഷണം, നിര്‍ധിഷ്ട പദ്ധതി പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ സ്ഥിരമായ നിരീക്ഷണം, കലക്ടര്‍ ശുപാര്‍ശ ചെയ്യുന്ന നാലുപേര്‍ അടങ്ങുന്ന വിദഗ്ധസമിതി രൂപീകരിക്കുക, നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയില്‍ നിര്‍മ്മാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളും നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ നാലിനുചേര്‍ന്ന സമിതിയോഗം സംസ്ഥാനത്തിന്റെ ഭൗമഘടന, മണ്ണിടിച്ചില്‍, ജലപ്രവാഹം എന്നിവയെക്കുറിച്ച് നടത്തിയ പഠനങ്ങളുടെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്.
പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ ത്രികക്ഷി കരാറിലാണ് തുരങ്കപാത നിര്‍മാണം നടക്കുക. ഭോപ്പാല്‍ ആസ്ഥാനമായ ദിലിപ് ബില്‍ഡ്കോണ്‍, കൊല്‍ക്കത്ത ആസ്ഥാനമായ റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളാണ് കരാര്‍ ഏറ്റെടുത്തത്. 2,134 കോടി രൂപയാണ് പദ്ധതി ചെലവ്. ടെണ്ടര്‍ നടപടികള്‍ നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button