വട്ടംകുളം ചേകന്നൂർ റോഡിന്റെ നവീകരണം : നിയുക്ത എംഎൽഎയ്ക്ക് നിവേദനം നൽകി യൂത്ത് ലീഗ്
എടപ്പാൾ:വട്ടംകുളം പഞ്ചായത്തിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന വട്ടംകുളം–ചേകന്നൂർ റോഡ് വർഷങ്ങളായി തകർന്നു കിടക്കുന്നതിനാൽ പ്രദേശവാസികൾ കടുത്ത യാത്രാദുരിതമാണ് അനുഭവിക്കുന്നത്.
ഇതിന് ശാശ്വത പരിഹാരം കാണുന്നതിനായി റോഡിന്റെ നവീകരണ പ്രവർത്തനം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് തവനൂർ നിയോജക മണ്ഡലത്തിലെ നിയുക്ത എംഎൽഎ അഡ്വ. വി എസ് ജോയിക്ക് യൂത്ത് ലീഗ് പ്രവർത്തകർ നിവേദനം നൽകി.
കരാറുകാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കണ്ട്, മഴയുടെ തടസ്സങ്ങളില്ലെങ്കിൽ പ്രവർത്തനം വേഗത്തിൽ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.
വട്ടംകുളം–ചേകന്നൂർ റോഡിന്റെ നവീകരണത്തിന് പ്രഥമ പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വട്ടംകുളം ടൗൺ യൂത്ത് ലീഗ് പ്രസിഡന്റ് വി വി സുഹൈൽ ഹസ്സൻ നിയുക്ത എംഎൽഎ അഡ്വ. വി എസ് ജോയിക്ക് നിവേദനം കൈമാറി.
കെപിസിസി സെക്രട്ടറി അഡ്വ. എ എം രോഹിത്, യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പത്തിൽ സിറാജ്, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി സജീർ എം എം, സഫ്‌വാൻ പത്തിൽ, എം കെ മുഫസ്സിർ, സൽമാൻ പത്തിൽ, ഷഫീഖ് ടി പി, റാഷിദ് ടി പി, ഹാഷിർ ടി പി എന്നിവർ പങ്കെടുത്തു.