EDAPPAL

റോഡുപണി നിലച്ചു, പൈപ്പിടലും നടന്നില്ല; കുറ്റിപ്പാലയിലെ ജനങ്ങൾ ദുരിതത്തിൽ

എടപ്പാൾ : കുറ്റിപ്പാലയിൽനിന്ന് ചങ്ങരംകുളം വരെ പോകുന്ന ഉണ്ണി നമ്പൂതിരി റോഡിന്റെ ടാറിങ് നിലച്ചിട്ട് ഒരുമാസം. കുടിവെള്ള പൈപ്പ് ലൈൻ ഇട്ട ശേഷം റോഡ് പണിയാമെന്ന് പറഞ്ഞ് പണി നിർത്തുകയും പൈപ്പിടൽ ആരംഭിക്കുകയും ചെയ്യാത്തതാണ് പ്രദേശവാസികളാകെ ദുരിതത്തിലാക്കിയത്.

റോഡ് പണിയുടെ ഭാഗമായി പലയിടത്തും കാനയ്ക്കു വേണ്ടി ചാലുകൾ കീറുകയും പലഭാഗത്തും ടാറിങ്ങിനുള്ള ഒരുക്കങ്ങൾ നടക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ജലനിധി പദ്ധതിയുടെ എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കാനുള്ള നടപടികൾക്കും തുടക്കമായി. റോഡ് പണിതശേഷം പൈപ്പിടാൻ പൊളിക്കാൻ അനുവദിക്കില്ലെന്ന് ഒരു വിഭാഗം ഗ്രാമസഭയിൽ പറഞ്ഞു. ഇതിനെത്തുടർന്ന് റോഡ് പണി നിർത്തി പൈപ്പിടാനുള്ള നടപടികളാരംഭിച്ചെങ്കിലും പിന്നീട് ഒന്നും നടന്നില്ല.

ആറു കിലോമീറ്റർ നീളമുള്ള റോഡ് ആറ് കോടി രൂപ ചെലവിൽ റബ്ബറൈസ്ഡ് ചെയ്യാനുള്ള പദ്ധതിയാണ് പാതിവഴിയിൽ നിലച്ചത്. സംസ്ഥാനപാതയിലും എടപ്പാളിലുമെല്ലാം പണി നടക്കുമ്പോഴും ഗതാഗതം സ്തംഭിക്കുമ്പോഴും സമാന്തരപാതയായി ഉപയോഗിക്കുന്നതാണ് ഈ റോഡ്. പല വീടുകൾക്കു മുന്നിലും കീറിയിട്ട ചാലുകൾ അതേപടി കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മഴയ്ക്കു മുമ്പ് രണ്ടു ജോലികളും തീർക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button