Local newsPONNANI

പൊന്നാനിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരുടെ പ്രകടനം

സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി പൊന്നാനി സിപിഎമ്മിലുണ്ടായ പ്രതിഷേധം തെരുവിലേക്ക്.

പൊന്നാനി: പി.നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയതിന് എതിരെയാണ് പ്രതിഷേധം. ടി.എം.സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേർ പ്രതിഷേധവുമായി തെരുവിലിറങ്ങി. പാർട്ടി കൊടികളും ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നത്.

നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തുമെന്ന മുദ്രാവാക്യമുയർത്തിയാണ് പ്രകടനം. രണ്ടു തവണ മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന മാനദണ്ഡം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്പീക്കറും സിറ്റിങ് എംഎൽഎയുമായ പി.ശ്രീരാമകൃഷ്ണനെ മാറ്റിനിർത്താൻ തീരുമാനിച്ചത്.

പൊന്നാനി മുൻ ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.എം.സിദ്ദീഖ് മത്സരിക്കുമെന്ന ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീടാണ് സിഐടിയു ദേശീയ സെക്രട്ടറി പി.നന്ദകുമാറിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. സംസ്ഥാന സമിതിയാണ് നന്ദകുമാറിന്റെ പേര് നിർദേശിച്ചത്. ഇതിനെതിരെ ജില്ലാ സെക്രട്ടറിയേറ്റിൽ എതിരഭിപ്രായം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സമിതി തീരുമാനം അംഗീകരിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇത്തവണ ആദ്യമായിട്ടാണ് ഒരു സ്ഥാനാർഥിക്ക് വേണ്ടി ഇത്രയും വലിയ പ്രതിഷേധം നടക്കുന്നത്. ടി.എം.സിദ്ദീഖ് രണ്ടു തവണ ശ്രീരാമകൃഷ്ണന് വേണ്ടി മാറി നിന്നതാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button