KERALA

പെരിയ ഇരട്ടക്കൊലക്കേസ്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് ഇരട്ട കൊലക്കേസില്‍ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10,15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. 14,20,21,22 പ്രതികൾക്ക് 5 വർഷം തടവിനാണ് കോടതി ശിക്ഷിച്ചത്. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് ശിക്ഷ വിധിച്ചത്.

ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. പ്രതികൾ സ്ഥിരം കുറ്റവാളികളല്ലെന്ന് പ്രതിഭാഗം വക്കീൽ കോടതിയിൽ വാദിച്ചു. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വരെ പോയ കേസിലാണ് സി ബി ഐ കോടതി ഇപ്പോൾ വിധി പറഞ്ഞത്.
മുന്‍ എം.എല്‍.എയും സി.പി.എം ജില്ല സെക്രട്ടേറിയേറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം മുന്‍ ഉദുമ ഏരിയ സെക്രട്ടറിയുമായ കെ. മണികണ്ഠന്‍, മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി ഉള്‍പ്പെടെ 24 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ 10 പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയില്‍ വിചാരണ തുടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button