POLITICS

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; മുഖ്യമന്ത്രി വി ഡി സതീശൻ.

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പുണ്ടാക്കുമെന്നത് ഉള്‍പ്പെടെയാണ് പ്രഖ്യാപനങ്ങള്‍. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടി പ്രകാരം ജൂണ്‍ 15മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ യാത്ര സൗജന്യമായിരിക്കും. ആശമാരുടെ ഹോണറേറിയം 12000 രൂപയായി ഉയര്‍ത്തി. സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ ഇനിയും കൂട്ടുമെന്നും ആശമാര്‍ക്ക് യുഡിഎഫ് നല്‍കിയ വാക്ക് പാലിച്ചെന്നും വി ഡി സതീശന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അങ്കണവാടി ജീവനക്കാരുടെ വേതനത്തില്‍ 1000 രൂപയുടെ വര്‍ധനയുണ്ട്. പാചക തൊഴിലാളികള്‍ക്ക് 1000 രൂപ കൂട്ടി. പ്രീ പ്രൈമറി ആയമാര്‍ക്കും 1000 രൂപ കൂട്ടി.

മുന്‍മന്ത്രിയും അമ്പലപ്പുഴ എംഎല്‍എയുമായ ജി സുധാകരനെ പ്രൊ-ടേം സ്പീക്കറായി തിരഞ്ഞെടുത്തതായും വി ഡി സതീശന്‍ പറഞ്ഞു. നവകേരള സദസിനിടെ ആലപ്പുഴയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ യുവാക്കളെ ഗണ്‍മാനുള്‍പ്പെടെ വളഞ്ഞിട്ട് മര്‍ദിച്ച സംഭവം കേരളത്തെ നടുക്കിയതാണെന്നും സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കേസില്‍ പുനരന്വേഷണം വേണമെന്ന കോടതിയുടെ നിര്‍ദേശം കൂടി മാനിച്ചാണ് എസ്‌ഐടി രൂപീകരിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രതികാരമൊന്നുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പീക്കര്‍ തിരഞ്ഞെടുപ്പ് മെയ് 22ന് നടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ മെയ് 21നാണ് നടക്കുക. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ധവളപത്രമിറക്കും. ടി അസിഫലിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി നിശ്ചയിച്ചിട്ടുണ്ട്. അഡ്വ. ജെയ്ജു ബാബു പുതിയ അഡ്വക്കേറ്റ് ജനറലാകും. ഒരു തീരുമാനങ്ങളും വൈകിയിട്ടില്ലെന്നും റെക്കോര്‍ഡ് സ്പീഡിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button