KERALA

പാലിയേക്കര ടോൾ വിലക്ക് തുടരും; ജില്ലാ കലക്ടർ നാളെ ഓൺലൈനായി ഹാജരാകണം

ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് നീട്ടി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലാ കലക്ടർ നാളെ ഓൺലൈനായി ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കലക്ടറുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും ടോൾ പിരിവ് സംബന്ധിച്ച തീരുമാനമുണ്ടാവുക. കേന്ദ്ര സർക്കാരിനോടും നിലപാട് വ്യക്തമാക്കാൻ ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.

നേരത്തെ ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി) ഗതാഗതക്കുരുക്കുള്ള സ്ഥലങ്ങൾ സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിരുന്നു. ഈ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിച്ചു. നേരത്തെ കുരുക്കുണ്ടായിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ പ്രശ്നമില്ലെന്നും ഗതാഗതം സുഗമമായി നടക്കുന്നുവെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. സർവീസ് റോഡുകളും ഗതാഗത യോഗ്യമാണെന്നും എൻഎച്ച്എഐ പറഞ്ഞു.

എന്നാൽ പൊലീസ് റിപ്പോർട്ട് അത്തരത്തില്‍ അല്ലല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. പേരാമ്പ്രയിലെ അടിപ്പാത നിർമാണം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് െപാലീസ് റിപ്പോർട്ട്. ഇത് ഈ മാസം ഏഴിനു തയാറാക്കിയതുമാണ്. ഇതുകൂടി ജില്ലാ കലക്ടർ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന ആവശ്യം പിന്നീട് പരിഗണിക്കാനായി കോടതി മാറ്റുകയായിരുന്നു.

ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നതു ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ആറിനാണ് കോടതി ടോൾ പിരിവ് ആദ്യം ഒരു മാസത്തേക്ക് തടഞ്ഞത്. തുടർന്ന്, അത് ഇന്നു വരെ നീട്ടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button