ടെട്രാപോഡ് കടൽഭിത്തി നിർമാണം : പൊന്നാനിയിൽ സാധ്യതാപഠനം തുടങ്ങി
പൊന്നാനി : കടലേറ്റഭീഷണി നേരിടുന്ന പൊന്നാനി മേഖലയിൽ ചെല്ലാനം മാതൃകയിൽ കടൽഭിത്തി നിർമിക്കുന്നതിനുള്ള സാധ്യതാപഠനം തുടങ്ങി. ഇതിന്റെ ഭാഗമായി സാങ്കേതികവിദഗ്ധരുടെ സംഘം തീരമേഖലയിൽ പരിശോധന നടത്തി.
ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ചെല്ലാനത്ത് നിർമിച്ചിട്ടുള്ള കടൽഭിത്തിയാണ് പൊന്നാനിയിലും
നിർമിക്കാനുദ്ദേശിക്കുന്നത്. പഠനത്തിനു മുന്നോടിയായി ചെല്ലാനം പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റാണ് സാധ്യതാപഠനത്തിനായി ബുധനാഴ്ച പൊന്നാനിയിലെത്തിയത്. കടലേറ്റ പ്രതിരോധത്തിനുള്ള ശാസ്ത്രീയമാർഗം ഏതെന്ന് കണ്ടെത്തുന്നതിനാണ് പഠനം.
കാപ്പിരിക്കാട് മുതൽ പൊന്നാനി അഴിമുഖം വരെയുള്ള തീരദേശത്താണ് ടെട്രാപോഡ് കടൽഭിത്തിക്കുള്ള സാധ്യതാപഠനം നടത്തുക. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, ഹിളർപള്ളി, വെളിയങ്കോട് തണ്ണിത്തുറ, പാലപ്പെട്ടി കാപ്പിരിക്കാട് എന്നിവിടങ്ങളിൽ വിദഗ്ധസംഘം സന്ദർശനം നടത്തി.
ഭാരതപ്പുഴയോരത്തുണ്ടായ പ്രളയത്തെത്തുടർന്ന് മെട്രോമാൻ ഇ. ശ്രീധരൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പഠനവും ഇതൊടൊപ്പം നടക്കും. ഭാരതപ്പുഴയും അറബിക്കടലും സംഗമിക്കുന്ന അഴിമുഖത്ത് സെന്റർഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (സി.ഡബ്ലിയു.ആർ.ഡി.എം.) പഠനം നടത്തും. അഴിമുഖത്തിന്റെ വലുപ്പത്തെക്കുറിച്ചാണ് പഠനം.
പൊന്നാനിയുടെ സാഹചര്യം മനസ്സിലാക്കിയുള്ള പഠന റിപ്പോർട്ട് സർക്കാരിന് കൈമാറും.
കെ.ഇ.ആർ.ഐ. സൂപ്രണ്ടിങ് എൻജിനീയർ സുപ്രഭ, ചെല്ലാനം പ്രോജക്ട് മാനേജ്മെന്റ് എക്സിക്യുട്ടീവ് എൻജിനീയർ അബ്ബാസ്, കോസ്റ്റൽ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ അജ്മൽ, പൊന്നാനി ഇറിഗേഷൻ അസി. എൻജിനീയർ സുരേഷ്, മേജർ ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്.