പൊന്നാനിയിൽ വിദ്യാർഥിനികൾക്ക് ‘ഹാപ്പി ഡെയ്സ് ’
പൊന്നാനി: വിദ്യാർഥിനികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ വിതരണംചെയ്ത് ചരിത്രംകുറിച്ചത് പൊന്നാനി നഗരസഭയാണ്. സംസ്ഥാനത്ത് ആദ്യമായി ഒരു നഗരസഭാപരിധിയിലെ മുഴുവൻ പ്ലസ്ടു വിദ്യാർഥിനികൾക്കും സൗജന്യമായി സാനിറ്ററി നാപ്കിൻ വിതരണംചെയ്താണ് പൊന്നാനി നഗരസഭ ചരിത്രം കുറിച്ചത്. 2017-ലാണ് ‘ഹാപ്പി ഡെയ്സ്’ എന്ന പേരിൽ പദ്ധതി നടപ്പാക്കിയത്. സംസ്ഥാന സർക്കാർ ഷീപാഡ് പദ്ധതി പ്രഖ്യാപിക്കുന്നതിനും മുൻപായിരുന്നു നഗരസഭയുടെ ഉദ്യമം. എട്ടുമുതൽ 12 വരെ ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് കഴിഞ്ഞവർഷം നാപ്കിനുകൾ വിതരണംചെയ്തത്. സംസ്ഥാന മെഡിക്കൽ കോർപ്പറേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നാപ്കിനുകൾ വിതരണംചെയ്യുന്ന കൊല്ലം തൊടിയൂർ ഗ്രാമപ്പഞ്ചായത്തിലെ സാരഥി കുടുംബശ്രീ ഗ്രൂപ്പാണ് നഗരസഭയിലേക്കാവശ്യമായ നാപ്കിൻ നിർമിച്ച് വിതരണംചെയ്യുന്നത്. നഗരത്തിലെ ആറ് ഹയർസെക്കൻഡറി സ്കൂളുകൾക്ക് നാപ്കിൻ ഡിസ്ട്രോയറുകൾ നൽകിയിട്ടുണ്ട്. എല്ലാ സ്കൂളുകളിലും നാപ്കിൻ ഡിസ്ട്രോയറുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.