എടപ്പാളിൽ വഴിയോര കച്ചവടങ്ങൾക്കെതിരേ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
എടപ്പാൾ: ഗതാഗതക്കുരുക്കിനും മലിനീകരണത്തിനും കാരണമാകുന്ന തെരുവുകച്ചവടക്കാരെ നിയന്ത്രിക്കാൻ പോലീസും മോട്ടോർവാഹന വകുപ്പും രംഗത്ത്.
എടപ്പാൾ ടൗണിൽ, പ്രത്യേകമായും പട്ടാമ്പി റോഡിൽ മത്സ്യവിൽപ്പനയടക്കം തെരുവുകച്ചവടം വ്യാപകമാണ്. രാത്രിയായാൽ പത്തോളം പെട്ടി ഓട്ടോകളിലാണ് റോഡരികിൽ മത്സ്യം വിൽക്കുന്നത്.
ഇതിനുപുറമെ പച്ചക്കറി, ഉണക്കമീൻ, പഴവർഗങ്ങൾ എന്നിവയുടെ കച്ചവടവുമുണ്ട്. ഇതുമൂലം ആംബുലൻസുകൾവരെ ഇവിടെ ഗതാഗതക്കുരുക്കിലകപ്പെടുന്നത് പതിവാണ്. വ്യാപക പരാതി ഉയർന്നതിനെത്തുടർന്നാണ് പൊന്നാനി മോട്ടോർവാഹന വകുപ്പും ചങ്ങരംകുളം പോലീസും സ്ഥലത്തെത്തി കച്ചവടക്കാർക്ക് മുന്നറിയിപ്പുനൽകിയത്.
ഗതാഗത തടസ്സവും മാലിന്യപ്രശ്‌നവുമുണ്ടാകാത്തവിധം കച്ചവടം ചെയ്യണമെന്നും അല്ലാത്തപക്ഷം വണ്ടികൾ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്യുമെന്ന് പോലീസ് താക്കീതുചെയ്തു.
അതേസമയം മത്സ്യമാർക്കറ്റടക്കമുള്ള സംവിധാനങ്ങളൊന്നുമൊരുക്കാതെ ഉപജീവനത്തിനായി കച്ചവടം നടത്തുന്നവരെ ബുദ്ധിമുട്ടിക്കരുതെന്നാണ് കച്ചവടക്കാർ പറയുന്നത്.