മലപ്പുറം ജില്ലക്ക് 4 മന്ത്രിമാർ ; വികസന പ്രതീക്ഷയോടെ ജില്ല
മലപ്പുറം : 10 വർഷത്തിന് ശേഷം ജില്ലക്ക് വീണ്ടും കൂടുതൽ മന്ത്രിമാർ. മലപ്പുറത്ത് നിന്ന് 85,327 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ നിയമസഭയിൽ എത്തിയ മുസ്ലിം ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി, വേങ്ങരയിൽ നിന്ന് 30,325 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച കെ.എം. ഷാജി, ഏറനാട്ടിൽ നിന്ന് 41,289 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച പി.കെ. ബഷീർ, കോൺഗ്രസ് പ്രതിനിധിയായി വണ്ടൂരിൽ നിന്ന് 47,939 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ച എ.പി. അനിൽ കുമാർ എന്നിവരാണ് ജില്ലയിൽ നിന്ന് മന്ത്രി പദത്തിൽ എത്തിയത്.
കൂടുതൽ മന്ത്രിമാർ ലഭിച്ചതിൽ പ്രതീക്ഷയിലാണ് ജില്ലയിലെ വികസന രംഗം. വ്യവസായം, വിദ്യാഭ്യാസം, ടൂറിസം, ആരോഗ്യ രംഗങ്ങളിൽ വികസന മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ മേഖലയിൽ മഞ്ചേരി മെഡിക്കൽ കോളജ്, നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ ജില്ല ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനം, ആവശ്യമായ ജീവനക്കാരെ നിയോഗിക്കൽ എന്നിവ പ്രതീക്ഷിക്കുന്നു. ജില്ല ആശുപത്രിയുടെ സൗകര്യത്തോടെയാണ് മഞ്ചേരി മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നത്. 2013ലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ച് കൂടുതൽ സ്റ്റാഫുകളുടെ നിയമനം, കുടുതൽ സൂപ്പർ സ്പെഷാലിറ്റി ഡോക്‌ടർമാർ, പി.ജി പഠന സൗകര്യ വർധന, കൂടുതൽ സൗകര്യപ്രദമായ കെട്ടിടം തുടങ്ങിയവ ഏറെ പ്രധാനപ്പെട്ടതാണ്. മലപ്പുറം മണ്ഡലത്തിൽ ഉൾപ്പെട്ട ജില്ല ആസ്ഥാനത്തെ കോട്ടപ്പടി താലൂക്ക് ആശുപത്രി വികസനവും പ്രതീക്ഷിക്കുന്നു.
വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസനം, വിദ്യാർഥികളുടെ ഉപരി പഠന സൗകര്യം, ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതൽ കോഴ്‌സുകളും സൗകര്യങ്ങളും യാഥാർഥ്യമാക്കൽ, വ്യവസായ മേഖലയുടെ ഉന്നമനത്തിന് പുതിയ പദ്ധതികൾ യാഥാർഥ്യമാക്കൽ, ടൂറിസം രംഗത്ത് നവീന പദ്ധതികൾ, കൂടുതൽ ഇടങ്ങളിൽ അഗ്നിരക്ഷ യൂനിറ്റുകൾ തുടങ്ങിയവയും പ്രധാനപ്പെട്ടവയാണ്. കൂടാതെ തിരൂർ, കോട്ടക്കൽ, ചങ്കുവെട്ടി, മഞ്ചേരി, അങ്ങാടിപ്പുറം, കൊണ്ടോട്ടി തുടങ്ങിയ സ്ഥലങ്ങളിലെ ഗതാഗത കുരുക്ക് പരിഹരിക്കലും നഗര വികസനവും ജനം ഉറ്റുനോക്കുന്നു.
2011ൽ യു.ഡി.എഫ് സർക്കാരിൽ മലപ്പുറത്ത് നിന്ന് അഞ്ച് പേരാണ് മന്ത്രിമാർ ഉയുണ്ടായിരുന്നത്. കോൺഗ്രസിൽ രണ്ടും ലീഗിൽ മൂന്നും അടക്കമായിരുന്നു അത്. കോൺഗ്രസിൽ നിലമ്പൂർ മണ്ഡലത്തിൽ നിന്ന് വൈദ്യുതി മന്ത്രിയായി ആര്യാടൻ മുഹമ്മദും വണ്ടൂർ മണ്ഡലത്തിൽ നിന്ന് ടൂറിസം മന്ത്രിയായി എ.പി. അനിൽ കുമാറുമായിരുന്നു അന്നത്തെ പ്രതിനിധികൾ.
മുസ്ലിം ലീഗിൽ വേങ്ങരയിൽ നിന്ന് വ്യവസായം- ഐ.ടി വകുപ്പ് മന്ത്രിയായി പി.കെ. കുഞ്ഞാലിക്കുട്ടിയും തിരൂരങ്ങാടിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രിയായി പി.കെ. അബ്ദുറബും മങ്കയിൽ നിന്ന് നഗരകാര്യ വികസന മന്ത്രിയായി മഞ്ഞളാംകുഴി അലിയും ആണുണ്ടായിരുന്നത്. തുടർന്ന് 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജില്ലക്ക് ഒരു മന്ത്രിയായി ചുരുങ്ങി. തവനൂരിൽ നിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി കെ.ടി. ജലീലിന് മാത്രമാണ് അവസരം ലഭിച്ചത്.
പൊന്നാനിയിൽ നിന്ന് നിയമസഭയിൽ എത്തിയ പി. ശ്രീരാമകൃഷ്ണന് സ്പീക്കർ പദവി നൽകി. നിലമ്പൂർ, താനൂർ, തവനൂർ, പൊന്നാനി എന്നിവിടങ്ങളിൽ നിന്നാണ് ഇടതു പക്ഷം ജയിച്ചിരുന്നത്. 2021 എൽ.ഡി.എഫ് സർക്കാരിലും ജില്ലക്ക് മന്ത്രിമാരുടെ എണ്ണം ഒന്നായി തുടർന്നു. താനൂരിൽ നിന്ന് നിയമസഭയിൽ എത്തിയ വി. അബ്‌ദുറഹ്മാന് കായികം, ഹജ്ജ്, റെയിൽവേ മന്ത്രിയായി അവസരം ലഭിച്ചു.