തവനൂർ നിയുക്ത എംഎൽഎ വി.എസ് ജോയ് ജമാഅത്തെ ഇസ്ലാമി ആസ്ഥാനമായ ഹിറാ സെന്ററിലെത്തി അമീർ പി.മുജീബ് റഹ്മാനുമായി കൂടിക്കാഴ്ച് നടത്തി
കോഴിക്കോട്: തവനൂർ നിയുക്ത എംഎൽഎ വി.എസ് ജോയ് ജമാഅത്തെ ഇസ്ലാമി ആസ്ഥാനമായ ഹിറാ സെന്ററിലെത്തി അമീർ പി.മുജീബ് റഹ്മാനുമായി കൂടിക്കാഴ്ച് നടത്തി. തിരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ചതിന് പിന്നാലെയാണ് ഹിറാ സെന്ററിലെത്തി ജോയ് അമീർ അടക്കമുള്ള നേതാക്കളെ സന്ദർശിച്ചത്. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, തൗഫീഖ് മമ്പാട്, അഡ്വ. അബ്ദുൽ വാഹിദ് തുടങ്ങിയവരെയും സന്ദർശിച്ചു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ.ടി ജലീലിനെ തോൽപ്പിച്ചാണ് വി.എസ് ജോയ് തവനൂരിൽ നിന്ന് നിയമസഭയിലേക്കെത്തുന്നത്.14647 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. 79,661 വോട്ട് നേടിയാണ് തവനൂരിൽ നിന്ന് വി.എസ് ജോയ് ജയിച്ചത്.65,014 വോട്ടാണ് കെ.ടി ജലീലിന് ലഭിച്ചത്. എൻഡിഎ സ്ഥാനാർഥിയായ ബിജെപി മുന്‍ ജില്ലാ പ്രസിഡന്റിന് ലഭിച്ചത് 16,039 വോട്ട് മാത്രമാണ്.
തവനൂരില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന ആരോപണവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ.പി അനില്‍കുമാര്‍ തിരിഞ്ഞെടുപ്പ് കാലത്ത് രംഗത്തെത്തിയിരുന്നു. ‘തവനൂരില്‍ സിപിഎം-ബിജെപി ഡീലിന്റെ എല്ലാ സാധ്യതയുമുണ്ട്. ആ രീതിയില്‍ മുന്നോട്ട് പോയാലേ ജയിക്കൂ എന്ന തോന്നല്‍ സിപിഎമ്മിന് ഉണ്ടായിട്ടുണ്ട്. ഡീല്‍ പലയിടത്തും പ്രകടമായി കാണുന്ന സാഹചര്യമുണ്ട്. തവനൂരില്‍ ഏത് ഡീല്‍ നടന്നാലും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത്തരം ഡീലുകള്‍ക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതികരിക്കും മുമ്പുതന്നെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതികരിക്കുമെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. കാരണം, നല്ല കമ്മ്യൂണിസ്റ്റുകാര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അന്ന് എ.പി അനില്‍കുമാര്‍ പറഞ്ഞിരുന്നു.2025ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചിരുന്നു.