2023ലെ ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന്
ന്യൂഡൽഹി: നടൻ മോഹൻലാലിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമാണിത്. ചലച്ചിത്ര മേഖലക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. 2023ലെ പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ മോഹൻലാലിന് അവാർഡ് സമ്മാനിക്കും.
തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്.
സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഫാൽക്കെ പുരസ്കാരം ലഭിച്ച മലയാളി. 2004ലാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ വർഷത്തെ പുരസ്‌കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു.
രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർ സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാസാഹെബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969ൽ ഏർപ്പെടുത്തിയതാണ് പുരസ്‌കാരം.
മോഹൻലാലിന് അഭിനന്ദനവുമായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും
ന്യൂഡൽഹി ∙ മോഹൻ ലാൽ മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച ശേഷം മോഹൻലാലിനെ അഭിനന്ദിച്ചു കൊണ്ടുള്ള എക്സ് പോസ്റ്റിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പതിറ്റാണ്ടുകളായി മലയാള സിനിമയിലും നാടകത്തിലും മോഹൻ ലാൽ ഒരു പ്രതിഭയായി നിലകൊള്ളുന്നു. കേരള സംസ്കാരത്തെക്കുറിച്ച് ആഴമായ അഭിനിവേശമുള്ളയാളുമാണ് മോഹൻലാൽ എന്നും പ്രധാനമന്ത്രി അഭിനന്ദന സന്ദേശത്തിൽ പറയുന്നു.