KERALA

പന്നിയങ്കര ടോൾ പ്ലാസയിൽ വാഹനത്തിരക്ക്

വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ പന്നിയങ്കരയിൽ ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചതോടെ വാഹനങ്ങളുടെ തിരക്ക് വർധിച്ചു. പല സമയത്തും വാഹനങ്ങളുടെ നീണ്ട‌ ഹോണടി ജീവനക്കാര്‍ക്ക് തലവേദനയായി. വാഹനങ്ങളുടെ തിരക്ക് വൈകിട്ട് കൂടുതലാണെന്നും ജീവനക്കാരുടെ പരിചയക്കുറവാണ് കാരണമെന്നും ഒരാഴ്ചയ്ക്കുള്ളിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ടോൾ പ്ലാസയിൽ സെൻസറുകളുടെയും ബാരിയറുകളുടെയും പ്രവര്‍ത്തനവും മെല്ലെയാണ്. പൊലീസ് കാവലും കുറച്ചുദിവസം ഉണ്ടാകും. ഇന്നലെ 15 പൊലീസുകാരാണ് കാവൽ നിന്നത്. ഇരു ദിശകളിലുമായി 16 ‌ട്രാക്കുകളാണ് ‌ടോൾ പിരിവ് കേന്ദ്രത്തിലുള്ളത്.

ബുധനാഴ്ച അർധരാത്രി മുതലാണ് ടോൾ പിരിവ് ആരംഭിച്ചത്. കഴിഞ്ഞ 18 മണിക്കൂറിനുള്ളിൽ ഇരുപതിനായിരത്തോളം വാഹനങ്ങളാണ് കടന്നുപോയത്. പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ടെങ്കിലും ഒരാഴ്യ്ചക്കുള്ളിൽ അത് നിർത്തലാക്കുമെന്ന് നിർമാണ കമ്പനി അധികൃതർ പറഞ്ഞു. ദേശീയപാത അതോറിറ്റി എന്തെങ്കിലും ഇളവ് നൽകിയാൽ മാത്രമേ സൗജന്യം തുടരൂ. ഇതിനിടെ പ്രതിമാസ പാസിനുള്ള ഫോമുകളും കമ്പനി വിതരണം തുടങ്ങി.

വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തിലുള്ളവര്‍ക്കാണ് സൗജന്യ പാസ് അനുവദിച്ചിരിക്കുന്നത്. ആധാര്‍ കാര്‍ഡ് കാണിച്ചാല്‍ ഒന്നാം ട്രാക്കിലൂടെ കടന്നു പോകാം. ടോള്‍ നല്‍കേണ്ടതില്ല. എന്നാല്‍ ഇങ്ങനെ കടന്നുപോയ ചിലര്‍ക്ക് ഫാസ്റ്റ് ടാഗ് പ്രവര്‍ത്തിച്ച് പണം പോയതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button