KERALA

20 വർഷം പഴക്കമുള്ള സ്കൂട്ടറിൽ അമ്മയുടെയും മകന്റെയും ലോകയാത്ര

ഗുരുവായൂർ: അച്ഛൻ ദക്ഷിണാമൂർത്തി മരിച്ചപ്പോൾ മകൻ കൃഷ്ണകുമാർ അമ്മയോടു ചോദിച്ചു: ‘അമ്മ തിരുവണ്ണാമലൈ കണ്ടിട്ടുണ്ടോ?’ 10 മക്കളെ പോറ്റി വളർത്തി വലുതാക്കിയ അമ്മ പറഞ്ഞു, ‘ഈ ചുറ്റുവട്ടം വിട്ട് ഞാൻ പുറത്തിറങ്ങിയിട്ടു തന്നെ കാലമൊരുപാടായി..’ ഒരു കോർപറേറ്റ് കമ്പനിയിൽ ടീം ലീഡറായിരുന്ന കൃഷ്ണകുമാർ പറഞ്ഞു, ‘അമ്മയെ ഞാൻ ലോകം കാണിക്കാം..’ അങ്ങനെ 2018 ജനുവരി 16നു മൈസൂരിൽ നിന്ന് അമ്മയും മകനും ആരംഭിച്ച യാത്ര 4 രാജ്യങ്ങൾ പിന്നിട്ടു. ഇന്ത്യ പര്യടനത്തിനിടെ ഇന്നലെ കോഴിക്കോട് നിന്ന് ഇവർ ഗുരുവായൂരിലെത്തി.

ഇന്നു കാലടിയിലേക്കാണു യാത്ര.20 വർഷം പഴക്കമുള്ള സ്കൂട്ടറിലാണ് 72 വയസ്സുള്ള അമ്മ ചൂഡാരത്നമ്മയെയും കൂട്ടി കൃഷ്ണകുമാറിന്റെ (44) യാത്രകൾ. മൈസൂരു ആണ് സ്വദേശം. കന്യാകുമാരി മുതൽ കശ്മീർ വരെയായിരുന്നു ആദ്യത്തെ യാത്ര. പിന്നെ ഗുജറാത്ത് മുതൽ അരുണാചൽ പ്രദേശ് വരെ പോയി. നേപ്പാൾ, ബംഗ്ലദേശ്, മ്യാൻമർ എന്നിങ്ങനെ രാജ്യത്തിനു പുറത്തേക്കും യാത്രകൾ നീണ്ടു. ലോക്ഡൗൺ കാലത്ത് ഭൂട്ടാനിലായിരുന്നു 51 ദിവസം. സർക്കാർ അനുമതി വാങ്ങിയാണ് 7 ദിവസം കൊണ്ട് മൈസൂര‍ുവിൽ തിരിച്ചെത്തിയത്. 6 ചെറു ബാഗുകളിലാക്കി ലഗേജ് ഒതുക്കുന്നതാണ് ഇവരുടെ രീതി. അമ്പലങ്ങൾ, മഠങ്ങൾ, ആധ്യാത്മിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ താമസം. 20 വർഷം മുൻപ് അച്ഛൻ സമ്മാനിച്ചതാണ് ഈ സ്കൂട്ടറെന്ന് കൃഷ്ണകുമാർ സ്നേഹത്തോടെ ഓർക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button