തിരൂർ : അനധികൃത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കണ്ടെത്താൻ തിരൂർ മാർക്കറ്റിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്പെഷൽ സ്ക്വാഡും നഗരസഭാ ആരോഗ്യ വിഭാഗവും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ 325 കിലോഗ്രാം അനധികൃത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പാത്രങ്ങളും കവറുകളുമാണ് പിടിച്ചെടുത്തത്. ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷൽ സ്ക്വാഡാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പിടിച്ചെടുത്ത ഉൽപന്നങ്ങൾ നഗരസഭയുടെ മാലിന്യ സംസ്കരണ വിഭാഗം ഇവിടെനിന്ന് മാറ്റി. തുടക്കത്തിൽ താക്കീതും ചെറിയ പിഴയുമാണ് നൽകുന്നത്. വിൽപന തുടർന്നാൽ വലിയ പിഴയും നിയമ നടപടിയുമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്പെഷൽ സ്ക്വാഡ് ലീഡർ നബീബ് കിളിയണ്ണി, എൻ.ജി.നിഷാദ്, പി.റഫീഖ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എ.രഞ്ജിത്, പി.ശ്യാംകുമാർ, കെ.ദിനകർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.