റോഡ് പൊളിച്ചിട്ട് മാസങ്ങൾ; യാത്രാദുരിതത്തിൽ ജനം

എടപ്പാൾ : വൈദ്യുതി കേബിളിടാനായി കീറിയ ചാലുകൾ മൂടി റോഡ് പൂർവസ്ഥിതിയിലാക്കാത്തതിനാൽ വലഞ്ഞ് ജനം.സംസ്ഥാനപാതയിൽനിന്ന് എളുപ്പത്തിൽ പൊറൂക്കരയെത്താനുള്ള അണ്ണക്കംപാട്-പൊറൂക്കര റോഡാണ് വാഹനയാത്രയ്ക്ക് സാധിക്കാത്ത വിധം തകർന്നുകിടക്കുന്നത്. കെഎസ്ഇബി കേബിൾ സ്ഥാപിക്കാനായി ഫെബ്രുവരിയിലാണ് ഈ റോഡ് വെട്ടിപ്പൊളിച്ചത്.
റോഡ് പൂർവസ്ഥിതിയിലാക്കാനുള്ള തുക കെഎസ്ഇബി കാലടി ഗ്രാമപ്പഞ്ചായത്തിൽ അടച്ചതാണെന്നാണ് പറയുന്നത്. കേബിൾ സ്ഥാപിക്കുന്ന ജോലി ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കിയെങ്കിലും റോഡ് പണിയാനുള്ള നടപടികളെടുക്കാത്തതാണ് ജനങ്ങളെ പ്രയാസത്തിലാക്കുന്നത്. ശക്തമായ മഴ കൂടിയായതോടെ ഇരുചക്രവാഹനങ്ങൾക്കുപോലും സഞ്ചരിക്കാനാവാത്തവിധം തകർന്ന റോഡ് എത്രയുംപെട്ടെന്ന് നന്നാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. സംസ്ഥാനപാതയും എടപ്പാൾടൗണും സ്തംഭിക്കുമ്പോൾ കുറ്റിപ്പുറം റോഡിൽനിന്ന് ടൗണിൽ പ്രവേശിക്കാതെ പൊന്നാനി റോഡിലെത്താനുള്ള ബൈപ്പാസായും ഉപയോഗിക്കുന്ന പാതയാണ് ദുരവസ്ഥയിൽ കിടക്കുന്നത്.
