രാഹുൽ മാങ്കൂട്ടത്തിനോട് വിശദീകരണം തേടി; രാജി ഉടൻ
നടപടി വൈകരുത് രമേശ് ചെന്നിത്തല
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവി രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കും. ഇതുസംബന്ധിച്ച നിർദേശം ഹൈക്കമാൻഡ് രാഹുലിന് നൽകിയതായാണ് വിവരം.
ഹൈക്കമാൻഡ് രാഹുലിനോട് വിശദീകരണം തേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരായ ദേശീയ നേതൃത്വത്തിന്റെ നടപടി. രാഹുലിനെ മാറ്റുന്നത് സംബന്ധിച്ച ചർച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് രാവിലെ ടെലിഫോണിൽ നടത്തിയിരുന്നു. മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച നടത്തിയ ശേഷമാണ് രാഹുലിനോട് രാജി ചോദിച്ചുവാങ്ങാൻ ആവശ്യപ്പെട്ടത്.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പാർട്ടിയിലെ വനിതാ നേതാക്കൾ രാഹുലിനെതിരെ പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തോട് ദീപാദാസ് മുൻഷി ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ സംഘടന നടപടി ആലോചിച്ചു തുടങ്ങിയത്.
തെറ്റുകാരനെങ്കിൽ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ രാഹുലിനെ സംരക്ഷിക്കുന്നത് പാർട്ടിക്ക് ചീത്തപേരുണ്ടാക്കും എന്നും വിലയിരുത്തലുണ്ടായി. അതേ സമയം, രാഹുൽ എംഎൽഎ ആയി തുടരുമെന്നാണ് വിവരം. രാഹുലിനെതിരായ ആരോപണങ്ങൾക്കു പിന്നാലെ ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്താനിരുന്ന വാർത്താ സമ്മേളനം റദ്ദാക്കിയിരുന്നു. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വാർത്താസമ്മേളനം റദ്ദാക്കിയത് എന്നായിരുന്നു ഓഫിസിന്റെ വിശദീകരണം.
യൂത്ത് കോണ്‍ഗ്രസിന്‍റെ വാട്സാപ് ഗ്രൂപ്പില്‍ രൂക്ഷ വിമര്‍ശനം.
രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ വാട്സാപ് ഗ്രൂപ്പില്‍ രൂക്ഷ വിമര്‍ശനം. രാഹുല്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം സംഘടനയില്‍ ചര്‍ച്ച ചെയ്യണമെന്ന് വാട്സാപ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശത്തിൽ വനിതാ നേതാവ് ആവശ്യപ്പെട്ടു. പെണ്ണുപിടിയന്‍ എന്ന ആരോപണം നിരന്തരം ഉണ്ടാകുന്നു. ആരോപണം വെറുതേ ചിരിച്ചു തള്ളാനാകില്ല. രാഹുല്‍ മറുപടി പറയണമെന്നും തെറ്റുകാരനെങ്കില്‍ മാറി നില്‍ക്കണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു.
‘‘യുവ നേതാവിനെക്കുറിച്ചുള്ള പരാതി മറ്റുള്ള നേതാക്കളോട് പറഞ്ഞു, എന്നിട്ടു പരിഹാരമുണ്ടായില്ല, അയാൾ പിന്നീട് വലിയ വലിയ പോസ്റ്റുകളിലേക്ക് എത്തി. അപ്പോൾ ഒരു മാധ്യമപ്രവർത്തകൻ ചോദിക്കുകയാണ്, രാഹുൽ മാങ്കൂട്ടത്തിലാണോ? നോ കമന്റ്സ് എന്നാണ് അവളുടെ ഉത്തരം. രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിക്ക് അപ്പുറത്തേയ്ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ വ്യക്തിയുടെ പേര് ഈ ആരോപണവുമായി ബന്ധപ്പെട്ട് വലിച്ചിഴച്ചത് ആര്? ബഹുമാനപ്പെട്ട പ്രസിഡന്റ്, സംസ്ഥാന അധ്യക്ഷൻ എന്നൊരു സ്ഥാനത്തിരിക്കുമ്പോൾ സ്വാഭാവികമായും താങ്കളുടെ പേര് വലിച്ചിഴച്ചത് ആരാണോ അവർക്കെതിരെ നിയമപരമായി നടപടി സ്വീകരിച്ചിട്ടില്ല. ഈ വിഷയുമായി ബന്ധപ്പെട്ട ആ പെണ്‍കുട്ടിക്കെതിരെ താങ്കൾ കേസ് കൊടുക്കണം. സത്യം സമൂഹത്തിന് അറിയണമല്ലോ. ഒരു പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡന്റല്ല എന്നത് സമൂഹത്തിന് കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ കൃത്യമായി ഇതിനൊരു മറുപടി കൊടുക്കണം. നിയമപരമായി പോകണം’’– വനിതാ നേതാവ് വാട്‌സാപ് ഗ്രൂപ്പിൽ അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു.
ജനപ്രതിനിധിയായ യുവനേതാവ് തനിക്ക് അശ്ലീല സന്ദേശമയച്ചുവെന്നും എതിർത്തിട്ടും തുടർന്നുവെന്നുമുള്ള പുതുമുഖ നടി റിനി ആൻ ജോർജിന്റെ ആരോപണത്തിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസ് വാട്സാപ് ഗ്രൂപ്പിൽ ശബ്ദസന്ദേശം വന്നത്. നേതാവിന്റെ പേരു വെളിപ്പെടുത്താൻ നടി തയാറായിരുന്നില്ല. ആരോപണ വിധേയന്റെ പാർട്ടിയിലുള്ള പലരുമായും നല്ല ബന്ധമുള്ളതിനാലാണ് ഇതെന്നും റിനി പറഞ്ഞു. സമൂഹമാധ്യമം വഴിയാണു യുവനേതാവിനെ പരിചയപ്പെട്ടത്. മൂന്നര വർഷം മുൻപാണ് ആദ്യമായി മെസേജ് അയച്ചത്. ഇതിനു ശേഷമാണു നേതാവ് ജനപ്രതിനിധിയായത്. തുടക്കം മുതൽ മോശം മെസേജുകൾ അയയ്ക്കുകയായിരുന്നു. തന്നെ ഫൈവ് സ്റ്റാർ ഹോട്ടലിലേക്കും ക്ഷണിച്ചു. പാർട്ടിയിലെ നേതാക്കളോടു പരാതി പറഞ്ഞിരുന്നു. നേതൃത്വത്തോടു പരാതിപ്പെടുമെന്നു യുവ നേതാവിനോടു പറഞ്ഞപ്പോൾ ‘പോയി പറയ്, ഹൂ കെയേഴ്സ്’ എന്നായിരുന്നു മറുപടിയെന്നും നടി പറഞ്ഞു.
സൈബർ ആക്രമണം നേരിടുന്നുവെന്ന് നടി റിനി ആൻ ജോർജ്.
യുവ നേതാവിനെതിരെ നടത്തിയ ആരോപണങ്ങൾക്കു ശേഷം വലിയ രീതിയിൽ സൈബർ ആക്രമണം നേരിടുന്നുവെന്ന് നടി റിനി ആൻ ജോർജ്. തനിക്ക് ഭയമില്ല. സൈബർ ആക്രമണം ഉണ്ടാകുന്നുവെന്ന് അറിഞ്ഞാണ് വെളിപ്പെടുത്തൽ നടത്തിയത്. താൻ ആരോപണം ഉന്നയിച്ച വ്യക്തിയുടെ ഭാഗത്തു നിന്നാണ് സൈബർ ആക്രമണം ഉണ്ടാകുന്നത്. തന്റെ ഭാഗത്താണ് ശരി. സൈബർ ആക്രമണം കാരണം പിന്മാറില്ല. സത്യം കാലം തെളിയിക്കുമെന്നും റിനി ആൻ ജോർജ് പറഞ്ഞു.
ഇന്നലെ രാത്രി തന്നെ പല പെൺകുട്ടികളും വിളിച്ചു. ഇതേ പ്രശ്നങ്ങളാണ് പറഞ്ഞത്. ഇയാൾ വലിയ ക്രിമിനലാണെന്നും ഇയാളെ ഒന്നും ചെയ്യാൻ പറ്റില്ലെന്നും ഒരു പെൺകുട്ടി പറഞ്ഞു. വീട്ടിലെ സാഹചര്യമൊക്കെ കാരണമാണ് പലരും തുറന്നുപറച്ചിൽ നടത്താത്തത്. തുറന്നുപറയാനായതിൽ അഭിമാനമുണ്ട്. ഇത് തന്റെ മാത്രം വിഷയമല്ല. ഈ ക്രിമിനലിനെ മുന്നോട്ടു കൊണ്ടുവരണമെന്നും റിനി പറഞ്ഞു.
തെളിവുകളുണ്ടെന്ന് തന്നോട് സംസാരിച്ച പല പെൺകുട്ടികളും പറഞ്ഞു. പല പെൺകുട്ടികളെയും ഇയാൾ ഉപയോഗിച്ചിട്ടുണ്ട്. അവരുടെയൊന്നും വീട്ടുകാർക്കു പോലും അറിയില്ല. എന്നാൽ തന്നെ സംബന്ധിച്ച് അത്തരം കാര്യങ്ങളില്ല. ഈ ആരോപണങ്ങളെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ട. ഞാൻ ഒറ്റയ്ക്കു നിന്നാണ് സംസാരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായി കാണരുത്. അയാൾക്കെതിരെ നടപടിയെടുക്കണോ എന്ന് ആ പ്രസ്ഥാനം തീരുമാനിക്കണമെന്നും റിനി ആൻ ജോർജ് പറഞ്ഞു.