PONNANI

സൈറ്റുകള്‍ പണിമുടക്കി; ഫിറ്റ്‌നസ്‌ പരിശോധന പൂര്‍ത്തിയാക്കാനാകാതെ സ്‌കൂള്‍ വാഹനങ്ങള്‍.

പൊന്നാനി: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഫിറ്റ്‌നസ്‌ പരിശോധന പൂര്‍ത്തിയാക്കാനാകതെ സ്‌കൂള്‍ വാഹനങ്ങള്‍.ജി.പി.എസ്‌ ക്രമീകരണവുമായി ബന്ധപ്പെട്ട സൈറ്റുകള്‍ പണിമുടക്കിയതാണ്‌ ഫിറ്റ്‌നസ്‌ പരിശോധനക്ക്‌ തടസ്സമാകുന്നത്‌.
നവംബര്‍ 1നു സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പു വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളെല്ലാം ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ നേടണമെന്നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ വാഹനങ്ങളില്‍ ജി.പി.എസ്‌ സംവിധാനം നിര്‍ബന്ധമെന്നിരിക്കെ ജി.പി.എസ്‌ പുതുക്കുന്നതിന്‌ വേണ്ടിയുള്ള സൈറ്റ്‌ തുടര്‍ച്ചയായി പണിമുടക്കുന്നതാണ്‌ പ്രയാസം സൃഷ്‌ടിക്കുന്നത്‌. ഒന്നര വര്‍ഷത്തോളം നിരത്തിലിറങ്ങാതിരുന്ന സ്‌കൂള്‍ ബസുകളിലെ ജി.പി.എസ്‌ സംവിധാനം മിക്കതും പ്രവര്‍ത്തനരഹിതമാണ്‌. ഇത്‌ പുതുക്കുന്നതാണ്‌ അവതാളത്തിലായത്‌.ജി.പി.എസ്‌ ഉണ്ടെങ്കില്‍ മാത്രമെ ഫിറ്റ്‌നസ്‌ അനുവദിക്കുന്നുള്ളൂ.
അതേസമയം, കൂട്ടത്തോടെ സൈറ്റില്‍ അപേക്ഷകള്‍ വന്നതാകാം തടസത്തിന്‌ കാരണമെന്നും, ഇതുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ വന്നിട്ടില്ലെന്നും പൊന്നാനി ജോയിന്റ്‌ ആര്‍.ടി.ഒ പറഞ്ഞു.അതേസമയംകോവിഡ്‌ പശ്‌ചാത്തലത്തില്‍ സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ,
വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക്‌ ഒരു വര്‍ഷത്തെ നികുതി ഒഴിവാക്കിയതായി ഗതാഗതമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഉത്തരവ്‌ ആര്‍ടിഒ ഓഫിസുകളില്‍ എത്താത്തതിനാല്‍ ഇതും നടപ്പാക്കുന്നില്ല.ഇതോടെ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ നേടാന്‍ എത്തിക്കുന്ന സ്‌കൂള്‍ വാഹനങ്ങള്‍ വലിയ തുക നികുതി ഇനത്തില്‍ നല്‍കേണ്ട സ്‌ഥിതിയാണ്‌.
ഒന്നര വര്‍ഷമായി റഗുലര്‍ ക്ലാസുകള്‍ നടക്കാത്തതിനാല്‍ സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മിക്കവരും ഒരു വര്‍ഷത്തെ നികുതി അടച്ചിട്ടുണ്ടാകില്ല. 2020 ഒകേ്‌ടാബര്‍ മുതല്‍ 2021 സെപ്‌റ്റംബര്‍ വരെയുള്ള നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഉത്തരവ്‌ ആര്‍ടിഒ ഓഫിസുകളില്‍ എത്തിയിട്ടില്ല.
ഒന്നരവര്‍ഷമായി ഓട്ടമില്ലാതെ കിടക്കുന്നതിനാല്‍ ബസുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനു തന്നെ സ്‌കൂള്‍ അധികൃതര്‍ക്കു വലിയൊരു തുക ചെലവാകും.
ഇതിനു പുറമേയാണ്‌ സീറ്റുകളുടെ എണ്ണം കണക്കാക്കി നികുതി കൂടി അടയ്‌ക്കേണ്ടി വരുന്നത്‌.
ഇത്രയും പണമടച്ച്‌ ഫിറ്റ്‌നസ്‌ പരിശോധന പൂര്‍ത്തിയാക്കിയാലും കോവിഡ്‌ സാഹചര്യത്തില്‍ രക്ഷിതാക്കള്‍ വിദ്യാര്‍ഥികളെ സ്വകാര്യ വാഹനങ്ങളില്‍ അയയ്‌ക്കാനാണ്‌ മുന്‍ഗണന നല്‍കുന്നതെന്നും സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button