ഷാനവാസ് ഇനിയുമുണ്ടാകും, നരണിപ്പുഴയുടെ തീരത്ത്
എടപ്പാൾ : വെള്ളിത്തിരയിൽ പ്രതിഭയുടെ മിന്നലാട്ടം നടത്തി, സിനിമാപ്രേമികളുടെ മനസ്സിൽ നൊമ്പരം നിറച്ച് പോയ്‌മറഞ്ഞ ഷാനവാസ് നരണിപ്പുഴയുടെ ഓർമകൾ ഇവിടെ ഇനിയും നിറഞ്ഞുനിൽക്കും.
അദ്ദേഹം ജനിച്ചുവളർന്ന് സ്വപ്‌നങ്ങൾ നെയ്‌തെടുത്ത നരണിപ്പുഴയുടെ തീരത്ത് സ്മരണയ്ക്കായി പണിയുന്നത് 50 ലക്ഷം രൂപയുടെ ടൂറിസം പാർക്ക്. പി. നന്ദകുമാർ എം.എൽ.എ മുൻകൈയെടുത്ത് ആസ്തി വികസനഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചാണ് പാർക്ക് നിർമിക്കുക. ടൂറിസം വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും വിശദപദ്ധതി രേഖ (ഡി.പി.ആർ.) തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.പ്രകൃതിയെ സംരക്ഷിക്കുക, സന്ദർശകരെ ആകർഷിക്കുക തുടങ്ങിയവയാണ് സംരംഭത്തിന്റെ ലക്ഷ്യം. കിയോസ്‌ക്, റെയിൻ ഹട്ട്, ആൽത്തറകൾ, ഇരിപ്പിടങ്ങൾ, വൈദ്യുത ദീപാലങ്കാരങ്ങൾ നടപ്പാതകൾ തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമായി നിലവിൽ വരും. പൊതുമരാമത്ത് അസി.എഞ്ചിനീയർ ഗോപൻ, അസി. എൻജിനീയർ ഷിനോജ്, നന്നംമുക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ സെഫുദ്ദീൻ തുടങ്ങിയവർ കഴിഞ്ഞദിവസം പദ്ധതിപ്രദേശം സന്ദർശിച്ചു.