വില്ലേജ് ഓഫിസിൽനിന്ന് പാസ്‍വേഡ് കൈക്കലാക്കി ഭൂനികുതി അടച്ചു; ഒരാൾ പിടിയിൽ
എടപ്പാൾ ∙ വില്ലേജ് ഓഫിസിൽനിന്നു പാസ്‍വേഡും ലോഗിൻ ഐഡിയും കൈക്കലാക്കി ഭൂമിയുടെ നികുതി അടച്ച ഓൺലൈൻ സേവന കേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ. രണ്ടത്താണി സ്വദേശി കണക്കാംകുന്ന് സുഹൈർ (അബ്ദുൽ സമദ് – 32) ആണ് പിടിയിലായത്. മാസങ്ങൾക്ക് മുൻപ് വട്ടംകുളം വില്ലേജ് ഓഫിസിൽ ആയിരുന്നു സംഭവം. കൽപകഞ്ചേരി സ്വദേശിയായ വ്യാപാരിക്ക് വട്ടംകുളം വില്ലേജിന് കീഴിലെ പുരമുണ്ടേക്കാട്, നെല്ലിശ്ശേരി എന്നിവിടങ്ങളിൽ 6 ഏക്കർ ഭൂമി ഉണ്ട്. ഇവിടങ്ങളിലെ നികുതി അടയ്ക്കാൻ ഏജന്റിനെ ചുമതലപ്പെടുത്തി. ഏജന്റ് ഇത് ഓൺലൈൻ സേവനങ്ങൾ ചെയ്യുന്ന സുഹൈറിനെ ഏൽപിച്ചു.
വില്ലേജിൽ എത്തിയ ഇയാൾ 3 ആധാരങ്ങളുടെ നികുതി അടച്ചു. ഒരെണ്ണം അടയ്ക്കുന്നതിൽ സാങ്കേതിക തടസ്സം കാണിച്ചതോടെ ഈ ഭൂമി വീണ്ടും സർവേ നടത്തിയ ശേഷം മാത്രമേ അടക്കാൻ കഴിയൂ എന്ന് ജീവനക്കാർ അറിയിച്ചു. ഈ സമയം ജീവനക്കാർ ഉപയോഗിക്കുന്ന പാസ്‍വേഡും ലോഗിൻ ഐഡിയും കൈക്കലാക്കി നാലാമത്തെ ആധാരത്തിന്റെ നികുതി അടയ്ക്കുകയായിരുന്നു. ഇക്കാര്യം വില്ലേജ് ഓഫിസറുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ചങ്ങരംകുളം പൊലീസിൽ പരാതി നൽകി.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. സിഐ ബഷീർ ചിറക്കൽ, എസ്ഐമാരായ ഹരിഹരസൂനു, ഒ.പി.വിജയൻ, സീനിയർ സിപിഒമാരായ സനോജ്, ഉദയകുമാർ, ജെറോം, സൈബർ സെൽ വിദഗ്ധൻ ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം.