വീടു കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; പൊന്നാനി സ്വദേശികളായ രണ്ടുപേർ പിടിയിൽ
പൊന്നാനി : കഞ്ചാവ് വിൽപ്പനയിലെ കണ്ണികളായ രണ്ടുപേരെ പൊന്നാനി പോലീസ് പിടികൂടി. പൊന്നാനി സ്വദേശി കുഞ്ഞിമൂസക്കാനകത്ത് ബാദുഷ (43), പുതുപൊന്നാനി കപ്പൂരിന്റെ ആസിഫ് (32) എന്നിവരെയാണ് ഇൻസ്‌പെക്ടർ വിനോദ് വലിയാറ്റൂരും സംഘവും അറസ്റ്റുചെയ്തത്.
തീരദേശത്തെ വീടു കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ഹിളർ പള്ളിക്ക് സമീപത്തെ വളപ്പിൽ കബീറിനെ (40) ദിവസങ്ങൾക്കുമുൻപ് പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരും ചേർന്നാണ് കബീറിന് കഞ്ചാവ് എത്തിച്ചുനൽകിയത്. എട്ടുകിലോ കഞ്ചാവാണ് കബീറിന്റെ വീട്ടിൽനിന്നു കണ്ടെടുത്തത്.
ഒട്ടേറേ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. ഇതരസംസ്ഥാനത്തുനിന്നെത്തി ഹാർബറിൽ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികൾക്കും വിദ്യാർഥികൾക്കും കഞ്ചാവ് എത്തിച്ചുനൽകുന്നയാളാണ് ബാദുഷ. വിശാഖപട്ടണത്തുനിന്ന് കഞ്ചാവുമായി വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പൊന്നാനിയിൽനിന്ന് പിടിയിലാകുന്നത്.
തീവണ്ടിയിൽ കൊണ്ടുവരികയായിരുന്ന കഞ്ചാവ് കോയമ്പത്തൂരിൽവെച്ച് പോലീസ് പിടികൂടിയിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ടെത്തിയ ഇരുവരെയും കുണ്ടുകടവ് ജങ്ഷനിൽവെച്ചാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.